Connect with us

Kerala

മനോജ് വധക്കേസ്: ഇതര സംസ്ഥാനങ്ങളിലേക്ക് പോയ പോലീസ് സംഘം തിരിച്ചെത്തി

Published

|

Last Updated

കണ്ണൂര്‍: മനോജ് വധക്കേസ് പ്രതികളെ തേടി തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോയ പോലീസ് സംഘം കാര്യമായ സൂചനകളൊന്നും ലഭിക്കാതെ മടങ്ങിയെത്തി. സി ഐ. അബ്ദുര്‍റഹ്മാന്റെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍, സേലം, ചെന്നൈ, മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലാണ് സംഘം തിരച്ചിലിനു പോയത്.
എസ് പിയുടെ സ്‌ക്വാഡിലെ അഞ്ച് പേരും സംഘത്തിലുണ്ടായിരുന്നു. കൊലപാതകത്തിനു ശേഷം കേരളത്തില്‍ നിന്നു മുങ്ങിയ പ്രതികള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നുവെന്നാണ് വിവരം. ഇവര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്നു കരുതുന്ന പ്രദേശങ്ങളിലാണ് അന്വേഷണസംഘം തിരച്ചില്‍ നടത്തിയത്.
16 അംഗ കൊലയാളി സംഘത്തില്‍ മുഖ്യപ്രതി വിക്രമനും മാലൂര്‍ സ്വദേശി പ്രഭാകരനുമടക്കം രണ്ട് പ്രതികള്‍ മാത്രമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. അതിനിടെ കേസന്വേഷണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തളിപ്പറമ്പ് കാര്‍ഷിക വികസനബേങ്ക് പ്രസിഡന്റുമായ പി സന്തോഷിനോടും സി പി എം പയ്യന്നൂര്‍ ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറിയോടും 29ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.