വൈദ്യുതി മോഷണം: കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

Posted on: September 28, 2014 9:06 am | Last updated: September 28, 2014 at 9:06 am
SHARE

elecrtical postആലപ്പുഴ: വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തി.
അഞ്ച് ജില്ലകളിലായി 1418 പരിശോധനകളിലൂടെ 3.16 കോടി രൂപ പിഴ ചുമത്തിയതായി ഋഷിരാജ്‌സിംഗ് ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ 60 വൈദ്യുതി മോഷണങ്ങളും 203 മറ്റു ക്രമക്കേടുകളും കണ്ടെത്തി. 2013ല്‍ സംസ്ഥാനത്ത് ആകെ 386 വൈദ്യുതി മോഷണങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ നിന്നായി 38 കോടി രൂപ പിഴ ഈടാക്കിയെങ്കിലും 16 കോടി രൂപമാത്രമേ പിരിച്ചെടുക്കാന്‍ സാധിച്ചിരുന്നുള്ളു.
2005-2006 കാലഘട്ടത്തില്‍ ഇതിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ വ്യാപകമായ വൈദ്യുതി മോഷണം താന്‍ പിടികൂടിയിരുന്നതായും എന്നിട്ടും മോഷണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷവും ശക്തമായ പരിശോധനയാണ് നടത്തുന്നത്.
ചെറിയ താരിഫിലുള്ള വൈദ്യുതി കണക്ഷന്‍ എടുത്തതിന് ശേഷം ഉയര്‍ന്ന താരിഫിലുള്ള ഉപയോഗം നടത്തുക, യൂനിറ്റിന് രണ്ട് രൂപ നിരക്കിലുള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കണക്ഷന്‍ എടുത്തതിനു ശേഷം വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക, കട, റസ്റ്റോറന്റ്, ഹോട്ടല്‍ മുതലായ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഏഴ്-7.50 നിരക്കിലുള്ള കണക്ഷന്‍ എടുത്തതിനു ശേഷം എട്ട് രൂപ നിരക്കിലുള്ള വലിയ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക, മീറ്ററില്‍ ക്രമക്കേട് കാണിക്കുക, മറ്റു കെട്ടിടങ്ങളില്‍ നിന്നും അനധികൃതമായി കണക്ഷന്‍ എടുക്കുക, എച്ച് ടി/എല്‍ ടി ലൈനുകളില്‍ നിന്നും ലൂപ് ചെയ്തു നേരിട്ട് കണക്ഷന്‍ എടുക്കുക തുടങ്ങിയ തരത്തിലുള്ള വൈദ്യതി മോഷണങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യതി മോഷണം പ്രധാനമായി ഇടത്തരക്കാരില്‍ കുറവാണ്. സമ്പന്നര്‍ക്കിടയിലാണ് 90 ശതമാനവും മോഷണം നടക്കുന്നത്. വൈദ്യുതി മോഷണം മൂന്ന് വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വൈദ്യുതി മോഷണത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയോ പിഴ തുകയുടെ അഞ്ച് ശതമാനമോ എതാണോ കുറവ് അത് നല്‍കുന്നതായിരിക്കും.വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി മോഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ക്ഷാമം പരിശോധനകളെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. ആവശ്യമെങ്കില്‍ ഇനിയും നല്‍കും.
പരിശോധനകള്‍ ശക്തമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കണ്ടെത്തുന്നതാണ്. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ അഴിമതി അന്വേഷിക്കാന്‍ ഒരു എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്. രണ്ട് ഡിവൈ എസ്പിമാര്‍, മൂന്ന് സി ഐ, നാല് എസ് ഐ എന്നിവര്‍ സംഘത്തിലുണ്ടാകും. ബോര്‍ഡുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി ടെക്‌നിക്കല്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ തന്റെ 9446008006 മൊബൈല്‍ നമ്പറില്‍ അറിയിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരായ അഴിമതി സംബന്ധിച്ച പരാതികളും അറിയിക്കാവുന്നതാണെന്ന് ഋഷിരാജ്‌സിംഗ് പറഞ്ഞു.