Connect with us

Thrissur

മോഷണം തൊഴിലാക്കിയ യുവാവ് വീട് കവര്‍ച്ചാക്കേസില്‍ അറസ്റ്റില്‍

Published

|

Last Updated

വാടാനപ്പള്ളി: വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് ഗവ. ആശുപത്രിക്ക് സമീപം ചാഴൂര്‍ വീട്ടില്‍ പ്രകാശന്‍(38) ആണ് പിടിയിലായത്.
കഴിഞ്ഞ 13ന് തൃത്തല്ലൂര്‍ ബീവറേജ് ഔട്ട്‌ലെറ്റിന് കിഴക്ക് ഇയ്യാനികോരോത്ത് വസന്തകുമാരിയുടെ വീടിന്റെ താഴ് തകര്‍ത്ത് ഇന്‍ഡക്ഷന്‍ കുക്കര്‍, ഹോം തീയേറ്റര്‍, ടേപ്പ് റിക്കാര്‍ഡര്‍ എന്നിവ മോഷ്ടിച്ച ആറംഗ സംഘത്തില്‍പ്പെട്ടയാളാണ് പ്രകാശന്‍. സംഘത്തിലെ ഷമീര്‍, അഭിജിത്ത്, അന്‍സില്‍, രാഹുല്‍ എന്നീ നാല് പേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒരാളെ കൂടി പിടികൂടാനുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയാണെന്ന് അവകാശപ്പെടുന്ന പ്രകാശന് മോഷണമാണ് മുഖ്യ തൊഴില്‍. വലപ്പാട് പോലീസ് സ്‌റ്റേഷനില്‍ പത്ത് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മതിലകം പോലീസ് സ്‌റ്റേഷനില്‍ അഞ്ചും തൃശൂര്‍ ഈസ്റ്റ്, വാടാനപ്പള്ളി സ്റ്റേഷനുകളില്‍ രണ്ട് കേസുകളും നിലവിലുണ്ട്.
മോഷണത്തിന്റെ ഇടവേളകളിലാണ് ഇയാള്‍ തെങ്ങ് കയറാന്‍ പോകുന്നത്. വലപ്പാട് പ്രകൃതി വിരുദ്ധ ലൈംഗിക പീഡന കേസിലും പ്രതിയാണ്. വലപ്പാട് ഗവ. ആശുപത്രിക്കടുത്ത് ഇന്നലെ പുലര്‍ച്ചെ വലപ്പാട് സി ഐ. ആര്‍ രതീഷ്‌കുമാര്‍, വാടാനപ്പള്ളി എസ് ഐ സജില്‍ ശശി, സീനിയര്‍ സി പി ഒ സത്താര്‍, സി പി ഒമാരായ അന്‍വര്‍ സാദത്ത്, റാഫി എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി.