മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍ സി പി സഖ്യം പിരിഞ്ഞു

Posted on: September 25, 2014 11:09 pm | Last updated: September 26, 2014 at 10:38 am

congress-ncpമുംബൈ: തിരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ വഴിമുടക്കിയതിനെ തുടര്‍ന്ന് ബി ജെ പി- ശിവസേന സഖ്യം വേര്‍പിരിഞ്ഞതിന് പിന്നാലെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍ സി പി സഖ്യവും വേര്‍പിരിഞ്ഞു. 15 വര്‍ഷം പഴക്കമുള്ള സഖ്യമാണ് ഇരുപാര്‍ട്ടികളും അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് എന്‍ സി പി അറിയിച്ചു. നേരത്തെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബി ജെ പിയും ശിവസേനയും തമ്മിലുള്ള 25 വര്‍ഷം നീണ്ട സഖ്യം പിരിഞ്ഞിരുന്നു.

സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും എന്‍ സി പിയും തമ്മില്‍ ദിവസങ്ങളായി ചര്‍ച്ച നടന്നിരുന്നുവെങ്കിലും പരാജയമായിരുന്നു. പകുതി സീറ്റ് വേണമെന്നും മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്നുമുള്ള എന്‍ സി പിയുടെ ആവശ്യമാണു ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്.

എം പി സി സി പ്രസിഡന്റ് മണിക് റാവു താക്കറെ കടുത്ത നിലപാടുമായി ബുധനാഴ്ച രംഗത്തുവന്നിരുന്നു. സഖ്യം പൊളിഞ്ഞാല്‍ കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തേണ്ടെന്നും കഴിഞ്ഞ തവണത്തേക്കാള്‍ 30 സീറ്റ് അധികമാണ് എന്‍ സി പി ചോദിക്കുന്നതെന്നും താക്കറെ പറഞ്ഞു. നടക്കാത്ത ആവശ്യങ്ങള്‍ എന്‍ സി പി ഉന്നയിക്കുന്നതിനാല്‍ സഖ്യം തുടരുക ദുഷ്‌കരമാണെന്നു മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

ഇതിനിടെ ശിവസേനയുമായി പിരിഞ്ഞ ബി ജെ പി കോണ്‍ഗ്രസുമായി തെറ്റിയ എന്‍ സി പിയുമായി സഖ്യത്തിനുള്ള സാധ്യത തേടുന്നുണ്ട്. ഇക്കാര്യം ബി ജെ പി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തള്ളിക്കളഞ്ഞിട്ടില്ല.