കുടിശ്ശിക പത്ത് ശതമാനമെങ്കിലും…

Posted on: September 25, 2014 6:00 am | Last updated: September 24, 2014 at 9:01 pm
SHARE

cartoon taxഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പ്രായോഗികമായ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമെന്നതിനെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഭരണാധികാരികള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പ്രതിസന്ധിയിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് പരിശോധിച്ച ശേഷമാകണം പരിഹാര നടപടികളിലേക്ക് നീങ്ങേണ്ടത്. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പരമ്പരാഗത മാര്‍ഗങ്ങളിലൂടെ വിഭാവസമാഹരണം നടത്തുമ്പോള്‍ ഇതിന്റെ ഭാരം സാധാരണ ജനങ്ങളുടെ ചുമലിലാണ് വന്നുചേരുക. ഇതിന് പകരം നികുതി ഘടനയില്‍ മാറ്റം വരുത്തിയും നൂതന വിഭവ സമാഹരണ മാര്‍ഗങ്ങള്‍ കണ്ടെത്തിയുമാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. സംസ്ഥാന സാമ്പത്തിക മാനേജ്‌മെന്റിന്റെ കാര്യക്ഷമതയാണ് പ്രധാനമായും ഇതില്‍ പ്രകടമാകേണ്ടത്. സാമ്പത്തിക അച്ചടക്കമില്ലായ്മ വരുത്തിവെച്ച വിനയില്‍ നിന്ന് സംസ്ഥാന സാമ്പത്തിക മാനേജ്‌മെന്റ് പാഠം പഠിക്കണം.
രാജ്യത്തെ ചെറിയതും തികച്ചും ഉപഭോക്തൃ സംസ്ഥാനവുമായ കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന നികുതി വര്‍ധന ജനജീവിതത്തെ പ്രതികൂലമായി സ്വാധീനിക്കും. ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരമേല്‍പ്പിക്കാതെ തന്നെ പ്രതിസന്ധി പരിഹരിക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. കാലാകാലങ്ങളിലായി സംസ്ഥാന ഖജനാവിലേക്ക് പിരിഞ്ഞു കിട്ടാതെ കുടിശ്ശികയായി കെട്ടിക്കിടക്കുന്നത് 32,526 കോടി രൂപയാണ്. പ്രതിസന്ധി പരിഹാരത്തിനായി ആശ്രയിക്കാവുന്ന പ്രധാന മാര്‍ഗം ഇത് പിരിച്ചെടുക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുക എന്നത് തന്നെയാണ്. ഇതില്‍ കോടതി കേസുകളും നിയമ പ്രശ്‌നങ്ങളുമുള്ള 9,500 കോടി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള 23,026 കോടിയുടെ പത്ത് ശതമാനം മാത്രം പിരിച്ചെടുത്താല്‍ തന്നെ സര്‍ക്കാര്‍ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന അധിക നികുതിക്ക് സമാനമായ തുക പൊതുഖജനാവിലെത്തിക്കാന്‍ കഴിയും.
അതുപോലെ, സ്വകാര്യ വ്യക്തികളും വന്‍കിട കമ്പനികളും കൈയേറിയ സര്‍ക്കാറിന്റെ ഏക്കര്‍ കണക്കിന് ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ റവന്യൂ വകുപ്പ് അല്‍പ്പം കൂടി ജാഗ്രത കാണിച്ചാല്‍ അന്യാധീനപ്പെട്ടുപോയതില്‍ ആവശ്യമില്ലാത്ത ഭൂമി, വിപണി വില ഈടാക്കി കൈവശക്കാര്‍ക്ക് തന്നെ പതിച്ചുനല്‍കി വന്‍ തുക ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനാകും. സര്‍ക്കാറിന്റെ അധീനതയിലുള്ള ഭൂമിയില്‍ പാട്ടത്തിന് പ്രവര്‍ത്തിക്കുന്ന ക്ലബുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും പാട്ടക്കുടിശ്ശിക പിരിച്ചെടുക്കണം. വാടകക്ക് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ സിവില്‍ സ്റ്റേഷനുകളിലേക്കും സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്കും മാറ്റിയാല്‍ വാടകയിനത്തിലും മറ്റും കോടികള്‍ ലാഭിക്കാനാകും.
എങ്കിലും സംസ്ഥാനത്തിന്റെ വരുമാന സ്ഥിതി അനുസരിച്ച് ചെലവുകള്‍ നിയന്ത്രിക്കാനാണ് സാമ്പത്തിക മാനേജ്‌മെന്റ് പ്രധാനമായും ശ്രദ്ധ പുലര്‍ത്തേണ്ടത്. കാരണം കൊച്ചു കേരളത്തിന്റെ പ്രതിശീര്‍ഷ പ്രത്യക്ഷ, പരോക്ഷ നികുതിയുടെ ശതമാനം ദേശീയ ശരാശരിയേക്കാള്‍ മീതെയാണ്. ഒപ്പം സംസ്ഥാന നികുതി വരുമാന സ്രോതസ്സില്‍ കൂടുതലും സേവന മേഖലയാണെന്നതിനാല്‍ കൂടുതല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമാകില്ല. കാരണം സേവന മേഖലയില്‍ കൂടുതല്‍ നികുതി അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാനത്തിന് പരിമിതികളുണ്ട്. നിലവില്‍ സേവന മേഖലയില്‍ നിന്ന് കൂടുതല്‍ നികുതി നടപ്പിലാക്കണമെങ്കില്‍ ദേശീയ തലത്തില്‍ ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പിലാക്കണം. ഈ സാഹചര്യത്തില്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ നൂതന മാര്‍ഗങ്ങള്‍ തേടുകതന്നെയാണ് ബുദ്ധി. എന്നാല്‍, രാഷ്ട്രീയപരമായ കാരണങ്ങളാണ് പലപ്പോഴും നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനും നൂതന വിഭവ സമാഹരണ മാര്‍ഗങ്ങള്‍ തേടുന്നതിനും തടസ്സമാകുന്നത്. കഴിഞ്ഞ ദിവസം നികുതി വര്‍ധനവില്‍ തോട്ടം മേഖലയില്‍ നികുതി വര്‍ധിപ്പിച്ചെങ്കിലും തോട്ടം മേഖലയില്‍ ഉള്‍പ്പെടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി റബ്ബറിനെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തോട്ടം മേഖലയില്‍ റബ്ബര്‍ ഉള്‍പ്പെടില്ല എന്നതിനപ്പുറം ഇതിന് ‘രാഷ്ട്രീയ കാരണ’ങ്ങളുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? അതുപോലെ തന്നെ സര്‍ക്കാറിന്റെ വലിയൊരു വിഭാഗം ഭൂമി വന്‍കിട സ്വകാര്യ ലോബികള്‍ വളരെ തുച്ഛമായ പാട്ടത്തിനാണ് കൈവശം വെച്ചിരിക്കുന്നത്. നിലവിലെ ഭൂമിയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ നിസ്സാരമായ തുകക്കാണ് ഈ കുത്തക കമ്പനികള്‍ ഈ ഭൂമിയിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത്. റ്റാറ്റയും മലയാളം ഹാരിസണ്‍ പ്ലാന്റേഷനും പോബ്‌സണും ഉള്‍പ്പെടെയുള്ള വന്‍കിടക്കാര്‍ ഇങ്ങനെ എത്ര ഏക്കര്‍ ഭൂമിയാണ് കൈവശപ്പെടുത്തി വെച്ചിരിക്കുന്നത്? പാട്ടക്കരാറില്‍ നിന്ന് സര്‍ക്കാറിന് പിന്‍വാങ്ങാന്‍ പ്രയാസമുണ്ടെങ്കിലും കാലാനുസൃതമായി പാട്ടത്തുക പുതുക്കി നിശ്ചയിക്കാന്‍ അധികാരമുണ്ടല്ലോ? നികുതി വര്‍ധനയുമായി സാധാരണക്കാരനെ പിഴിയാന്‍ ഉശിര് കാണിക്കുന്ന സര്‍ക്കാര്‍ കുത്തക മുതലാളിമാരെ തൊടാന്‍ പോലും ശ്രമിക്കുന്നില്ല.
നികുതി ഘടനയില്‍ മാറ്റം വരുത്തി പുതിയ നികുതി സ്രോതസ്സുകള്‍ കണ്ടെത്തുന്നതില്‍ സാമ്പത്തിക മാനേജ്‌മെന്റുകള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് വേണം കരുതാന്‍. നികുതി പിരിവില്‍ ജാഗ്രത പുലര്‍ത്തുന്നതിനോടൊപ്പം തന്നെ അഴിമതിക്കെതിരെയും നടപടികളെടുക്കണം. അതുപോലെ ബേങ്കിംഗ് സെക്ടര്‍, ഐ ടി, ഇന്‍ഷ്വറന്‍സ്, വന്‍കിട ബിസിനസ് കമ്പനികള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉയര്‍ന്ന ശമ്പള സ്‌കെയിലിലുള്ള ഓട്ടേറെ പേര്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. നിലവില്‍ ഇവരും മറ്റുള്ളവരെ പോലെ സാധാരണ തൊഴില്‍ നികുതിയാണ് സര്‍ക്കാറിന് നല്‍കുന്നത്. എന്നാല്‍ ഈ മേഖലയിലെ ജീവനക്കാരില്‍ നിന്ന് ശമ്പളത്തിനനുസൃതമായി ഉയര്‍ന്ന തൊഴില്‍ നികുതി പിരിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചാല്‍ നികുതി വരുമാനത്തിന് അത് മുതല്‍ക്കൂൂട്ടാകും.
വിവിധ മേഖലകളില്‍ ആസൂത്രണത്തിന്റെ പിഴവ് മൂലവും അശാസ്ത്രീയ നടപടികള്‍ മൂലവും ഖജനാവ് ചോരുന്ന അവസ്ഥ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ നിലയില്‍ ഏറ്റവും കൂടുതല്‍ പണം ചോരുന്നത് നടുറോഡിലാണ്. അശാസ്ത്രീയവും അഴിമതിയും നിറഞ്ഞ നടപടികള്‍ മൂലം പൊതുമരാമത്ത് വകുപ്പില്‍ ഏറ്റവും ഭീകരമാണ് ഈ ചോര്‍ച്ച. ഒരു വയസ്സ് പോലും ആയുസ്സില്ലാത്ത റോഡുകള്‍ക്ക് വര്‍ഷം തോറും പൊതുഖജനാവില്‍ നിന്ന് കോടികളാണ് നടുറോഡില്‍ ഒഴുക്കിക്കളയുന്നത്. കാലാവസ്ഥക്കും പരിസ്ഥിതിക്കും അനുയോജ്യമായ നിര്‍മാണ രീതികള്‍ കണ്ടെത്തി ശാസ്ത്രീയമായ നിര്‍മാണ രീതികള്‍ പരീക്ഷിച്ചാല്‍ മരാമത്ത് വകുപ്പില്‍ വര്‍ഷം തോറുമുള്ള ചെലവ് പരിഹരിക്കാന്‍ കഴിയും.
അതേസമയം വിവിധ വകുപ്പുകളുടെ ശ്രദ്ധക്കുറവ് മൂലം സര്‍ക്കാര്‍, പൊതു മുതല്‍ ചോരുന്ന സംഭവവും പതിവാണ്. 2010 സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് അധികപ്രതിഫലം നല്‍കിയതുമായി ബന്ധപ്പെട്ട് ഖജനാവിന് കോടികള്‍ നഷ്ടമായ സംഭവം ഇതിന് ഉദാഹരണമാണ്. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അധികമായി നല്‍കിയ തുക പിരിച്ചെടുക്കാന്‍ ഒരു നടപടിയും സ്വീകിരിച്ചിട്ടില്ല. 2010 സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അധ്യാപര്‍ക്ക് 16 ദിവസം ഡ്യൂട്ടിയാണ് നല്‍കിയിരുന്നത്. ഇതില്‍ എട്ട് ദിവസം സറന്‍ഡര്‍ ചെയ്യാനും അവസരമൊരുക്കിയിരുന്നു. ഒപ്പം 16 ദിവസത്തെ ഡ്യൂട്ടി 48 ദിവസത്തിനിടക്ക് ചെയ്താല്‍ മതിയെന്ന നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ദുരുപയോഗം ചെയ്ത് അധ്യാപകര്‍ 48ല്‍ 16 ദിവസം ഡ്യൂട്ടി ചെയ്ത് ബാക്കി ദിനങ്ങള്‍ സറന്‍ഡര്‍ ചെയ്ത് പണം വാങ്ങുകയായിരുന്നു. ഇതുവഴി ഒരോ അധ്യാപകനും 15,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് അധികം കൈപ്പറ്റിയത്. കോടിക്കണക്കിന് രൂപയാണ് ഇതുവഴി ഖജനാവിന് നഷ്ടമായത്. പിന്നീട് ഇക്കാര്യം പരിശോധിച്ച് അധികം വാങ്ങിയ തുക തിരിച്ചു് പിടിക്കണമെന്ന് വകുപ്പ് തല ശിപാര്‍ശ ചെയ്തിരുന്നെങ്കിലും അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാനായില്ല. ഇതെല്ലാം യഥാസമയം പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നെങ്കില്‍ നികുതിഭാരം ഭാരം ചുമത്തി ജനങ്ങളെ ഇത്തരത്തില്‍ പീഡിപ്പിക്കേണ്ടിവരില്ലായിരുന്നുവെന്ന് ഉന്നത ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.