Connect with us

Malappuram

പാസ്‌പോര്‍ട്ട് ഓഫീസിന് റെക്കോര്‍ഡ് നേട്ടം; കഴിഞ്ഞ മാസം വിതരണം ചെയ്തത് 27,000 പാസ്‌പോര്‍ട്ടുകള്‍

Published

|

Last Updated

മലപ്പുറം: പാസ്‌പോര്‍ട്ട് വിതരണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ്. കഴിഞ്ഞ മാസം 27000 പാസ്‌പോര്‍ട്ടുകളാണ് അപേക്ഷകര്‍ക്ക് നല്‍കിയത്.
ഒരു മാസം ഇരുപതിനായിരത്തിലേറെ അപേക്ഷകളാണ് ലഭിക്കുന്നതെന്ന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാമകൃഷ്ണന്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പ്രതിദിനം 1175 അപേക്ഷകളാണ് എത്തുന്നത്.
ഇതില്‍ 200 എണ്ണം തത്കാലാണ്. 200 അപേക്ഷകളാണ് ശരാശരി പാലക്കാട് ജില്ലയില്‍ നിന്നുള്ളത്. അതുകൊണ്ട് തന്നെ പാലക്കാട് ജില്ലയിലെ അപേക്ഷകര്‍ക്കായി തൃശൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ തുടങ്ങാനിരുന്ന കൗണ്ടര്‍ തത്കാലം ഉപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ നിലവില്‍ ഒരു അപേക്ഷ പരിശോധിക്കുന്നതിന് ഒരു മണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്. ദേശീയ ശരാശരി സമയം 35 മിനുട്ടാണ്.
എന്നാല്‍ സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കുന്നത് തൃശൂര്‍ സേവാ കേന്ദ്രത്തിലാണ്. 27 മിനുട്ടാണിവിടെ പരിശോധനക്കായി ചെലവിടുന്നത്. പാസ്‌പോര്‍ട്ട് അപേക്ഷക്കൊപ്പം വ്യാജരേഖകള്‍ സമര്‍പ്പിക്കുന്നതാണ് സേവാ കേന്ദ്രങ്ങളിലെ പരിശോധന വൈകാന്‍ ഇടയാക്കുന്നത്. രേഖകളിലെ പിഴവ് കണ്ടെത്തിയാല്‍ പിഴ ഈടാക്കി കൃത്യമായ രേഖയെത്തിക്കുന്ന മുറക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ അപേക്ഷകര്‍ക്കായി ജീവനക്കാരെ നിയമിക്കുന്നത് പ്രായോഗികമല്ലാത്തതാണ് അധികൃതര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ മലപ്പുറം സേവാകേന്ദ്രം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പാലക്കാട് ജില്ലയിലെ അപേക്ഷകരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലെ തിരക്ക് കുറക്കാന്‍ സാധിക്കും. ട്രെയിന്‍ സര്‍വീസ് എളുപ്പമായതിനാല്‍ തിരൂരില്‍ സേവാകേന്ദ്രം അനുവദിക്കുകയാണെങ്കില്‍ പാലക്കാട് ജില്ലയിലെ അപേക്ഷകര്‍ക്ക് കൂടുതല്‍ സൗകര്യമാകും. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷകര്‍ മണിക്കൂറുകളോളം വരി നില്‍ക്കേണ്ടി വരുന്നത് അപേക്ഷകര്‍ അനുവദിച്ച സമയത്തിനും മുമ്പെ എത്തുന്നതിനാലാണെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സമയത്തിന് 15 മിനുട്ട് മുമ്പ് മാത്രം സേവാകേന്ദ്രത്തിലെത്തിയാല്‍ മതി.
എന്നാല്‍ വിവിധ സമയത്ത് എത്താന്‍ നിര്‍ദേശിക്കുന്നവര്‍ രാവിലെ തന്നെ ഓഫീസിന് മുന്നിലെത്തുന്നതാണ് തിരക്കേറാന്‍ കാരണം. ട്രാവല്‍ ഏജന്റുമാരുടെ ചൂഷണത്തിന് വിധേയരാവുന്ന അപേക്ഷകര്‍ ഇപ്പോഴുമുണ്ട്. നിലവില്‍ ഇത്തരം ഏജന്റുമാരുടെ സഹായമില്ലാതെ പാസ്‌പോര്‍ട്ട് സ്വന്തമാക്കാനുള്ള സംവിധാനം നിലവിലുണ്ട്. ജനങ്ങളെ ഇക്കാര്യത്തെക്കുറിച്ച് ബോധവത്കരിക്കുകയാണ് വേണ്ടത്. പോലീസ് സ്റ്റേഷനുകളിലെ കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകളിലെ പോലീസ് വെരിഫിക്കേഷന്‍ കാലതാമസം കുറക്കാനാവും. ഇതോടെ പാസ്‌പോര്‍ട്ടുകള്‍ വേഗത്തില്‍ അപേക്ഷകന് നല്‍കാനാവും. നിലവില്‍ 21 ദിവമാണ് പോലീസ് വെരിഫിക്കേഷനായി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ കാരണങ്ങളാല്‍ തീര്‍പ്പ് കല്‍പിക്കാത്ത മൂവായിരത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇ-പാസ് പോര്‍ട്ട് സംവിധാനം 2016ല്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ വിതരണം കൂടുതല്‍ വേഗത്തിലാകും. പാസ്‌പോര്‍ട്ട് ബുക്കിന്റെ ക്ഷാമം ഇപ്പോഴില്ലെന്നും അടുത്തമാസം പാസ്‌പോര്‍ട്ട്‌മേള നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest