Connect with us

Editorial

ഫുള്‍ കൈ വസ്ത്രത്തിന് സ്‌കൂളില്‍ വിലക്ക്!

Published

|

Last Updated

പര്‍ദക്കും മഫ്തക്കും പിന്നാലെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥിനികളുടെ ഫുള്‍ കൈ വസ്ത്രത്തിനും വിലക്ക്. ഫുള്‍ കൈ വസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ കൊല്ലം വിമലഹൃദയ പബ്ലിക്് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആമിനാ ബീവിക്ക് പ്രധാന അധ്യാപികയില്‍ നിന്ന് ക്രൂരമായ മര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത്. ഈ വിദ്യാര്‍ഥിനിയെ പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിടുകയും ഒറ്റക്കിരുത്തി പരീക്ഷ എഴുതിക്കുകയുമുണ്ടായി. ഫുള്‍ കൈ വസ്ത്രം വീട്ടിലും പള്ളിയിലും മതിയെന്നും തങ്ങളുടെ സ്ഥാപനത്തില്‍ അനുവദിക്കില്ലെന്നുമാണത്രെ വിവരം അന്വേഷിക്കാനെത്തിയ കുട്ടിയുടെ മാതാവിനോട് പ്രധാനാധ്യാപിക പറഞ്ഞത്.
ശിരോ വസ്ത്രം ധരിച്ചതിന് പല ക്രിസ്ത്യന്‍ സ്‌കൂളുകളിലും മുമ്പ് മുസ്‌ലിം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് ആലപ്പുഴ ബിലീവേഴ്‌സ് ചര്‍ച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് നബാല എന്ന വിദ്യാര്‍ഥിനിയെ പുറത്താക്കിയ നടപടി വന്‍ വിവാദമായതാണ്. എസ് എന്‍ ഡി പി നടത്തി വന്നിരുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ എല്‍ കെ ജി ക്ലാസ് മുതല്‍ പഠനം നടത്തി വന്ന നബാലക്ക് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനം ഏറ്റെടുത്ത ശേഷമായിരുന്നു മുസ്‌ലിം വേഷത്തിന് വിലക്ക് വന്നത്. നബാലയെ അതേ സ്‌കൂളില്‍ തിരിച്ചെടുക്കാന്‍ പിന്നീട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിടുകയുണ്ടായി. കോഴിക്കോട്ടെ ഒരു പ്രമുഖ ക്രിസ്ത്യന്‍ സ്‌കൂളില്‍ പര്‍ദ ധരിച്ചെത്തിയ മുസ്‌ലിം അധ്യാപികക്കും സ്‌കൂള്‍ അധികൃതരില്‍ നിന്ന് മോശമായ പെരുമാറ്റവും പരിഹാസവും ഏല്‍ക്കേണ്ടി വന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ വസ്ത്രധാരണ രീതിക്ക് വിലക്കേര്‍പ്പെടുത്തരുതെന്നും ഇക്കാര്യത്തില്‍ സമന്വയത്തിന്റെ പാത അവലംബിക്കണമെന്നും ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ചിലര്‍ അസഹിഷ്ണുത തുടരുന്നത്.
അച്ചടക്കത്തിന് സ്‌കൂള്‍ യൂനിഫോം നിര്‍ബന്ധമാക്കുന്നതോടൊപ്പം ശിരോ വസ്ത്രമുള്‍പ്പെടെയുള്ള മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള വിദ്യാര്‍ഥികളുടെ അവകാശം അനുവദിക്കാനും സ്‌കൂള്‍ അധികൃതര്‍ ബാധ്യസ്ഥരാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പൗരന്മാരുടെ വിശ്വാസമനുസരിച്ചുള്ള വസ്ത്രധാരണവും ഉള്‍പ്പെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം വേഷത്തിന് വിലക്കേര്‍പ്പെടുത്തരുതെന്ന് ആലപ്പുഴ ബിലീവേഴ്‌സ് ചര്‍ച്ച് സ്‌കൂള്‍ സംഭവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉത്തരവ് നല്‍കിയതാണ്. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണതെന്നും വിവാദങ്ങള്‍ ഒഴിവാക്കി സൗഹാര്‍ദം നിലനിര്‍ത്താനുള്ള വിശാല മനസ്‌കതയാണ് സ്‌കൂള്‍ അധികൃതര്‍ പ്രകടിപ്പിക്കേണ്ടതെന്നും കമ്മീഷന്‍ ഓര്‍മപ്പെടുത്തുകയുണ്ടായി.
ചില സ്‌കൂള്‍ മാനേജ്‌മെന്റുകളുടെയും അധ്യാപികമാരുടെയും ഇസ്‌ലാമിക വസ്ത്ര ധാരണ രീതിയോടുള്ള അസഹിഷ്ണുതക്ക് പിന്നിലെ വികാരമെന്തെന്നത് ദുരൂഹമാണ്. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രമോ ഫുള്‍ കൈ ഷര്‍ട്ടോ ധരിക്കുന്നത് യൂനിഫോമിന്റെ ലക്ഷ്യത്തിന് വിഘാതമാകുകയോ മറ്റാരുടെയും സ്വാതന്ത്ര്യത്തെയോ അവകാശത്തെയോ ഹനിക്കുകയോ ചെയ്യുന്നില്ല. കന്യാസ്ത്രീകളും വൈദിക കോഴ്‌സിന് പഠിക്കുന്നവരും മതപരമായ വസ്ത്രധാരണ രീതി സ്വീകരിക്കുന്നതില്‍ കര്‍ക്കശ നിലപാട് കാണിക്കുന്നവരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സഭാവസ്ത്രം ധരിച്ചെത്തുന്ന അവര്‍ക്ക് ഏതെങ്കിലും സ്ഥാപനത്തില്‍ വിലക്കോ പീഡനമോ പരിഹാസമോ ഏല്‍ക്കേണ്ടി വരാറില്ല. അറബി കോളജുകളില്‍ അഫഌലുല്‍ ഉലമാ കോഴ്‌സിന് പഠിക്കാനെത്തുന്ന കന്യാസ്ത്രീകള്‍ക്ക് വസ്ത്രധാരണത്തിന്റെ പേരില്‍ സ്ഥാപന മേധാവികളില്‍ നിന്ന് മോശമായ പെരുമാറ്റം അനുഭവിക്കേണ്ടി വന്നതായി ചൂണ്ടിക്കാണിക്കാനാകില്ല. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും കോടതിയില്‍ പോലും സഭാവസ്ത്രം അഴിക്കാറില്ല. മതവിശ്വാസത്തിന്റെ പേരില്‍ ഇതുപോലുള്ള പ്രത്യേക പരിഗണന അനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമായവര്‍ വസ്ത്രധാരണത്തിന്റെ പേരില്‍ മുസ്‌ലിം വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുന്നതും ക്രൂശിക്കുന്നതും എത്രത്തോളം ന്യായമാണ്? ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഹോളണ്ട്, ബെല്‍ജിയം തുടങ്ങിയ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇസ്‌ലാംവിരുദ്ധ നീക്കങ്ങള്‍, മതേതര ജനാധിപത്യ ഇന്ത്യയിലും പരീക്ഷിക്കാനുള്ള പുറപ്പാടാണോ ഈ പ്രവണത? ഇതിന് പിന്നിലെ വികാരമെന്തായാലും മൗലികാവകാശത്തിന് നേരെയുള്ള കൈയേറ്റവും ഭരണഘടനയോടുള്ള അവഹേളനവുമാണിത്.

Latest