വിക്രമനെ നുണപരിശോധനക്ക് വിധേയമാക്കിയേക്കും

Posted on: September 23, 2014 11:44 pm | Last updated: September 23, 2014 at 11:44 pm
SHARE

തലശ്ശേരി: മനോജ് വധക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള സി പി എം പ്രവര്‍ത്തകന്‍ കിഴക്കേ കതിരൂരിലെ കട്ടിയാല്‍ മീത്തല്‍ വിക്രമനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം ആരംഭിച്ചതായി സൂചന.
മനോജ് വധക്കേസിലെ മുഖ്യപ്രതിയായി അന്വേഷണ സംഘം വിലയിരുത്തിയ വിക്രമന്‍ നല്‍കുന്ന മൊഴികള്‍ മുഴുവന്‍ വിശ്വസനീയമല്ലെന്ന് തുടക്കം മുതല്‍ ക്രൈം ബ്രാഞ്ചിന് സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്യുമ്പോള്‍ പലപ്പോഴും ഒഴിഞ്ഞുമാറുന്ന ഉത്തരങ്ങളും ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളുമാണ് ലഭിക്കുന്നതത്രെ. ബുധനാഴ്ച വിക്രമന് നിയമസഹായം നല്‍കുന്നതിന് അഡ്വ. കെ വിശ്വന് ഒരു മണിക്കൂര്‍ അവസരം അനുവദിച്ചിരുന്നു. കേസന്വേഷിക്കുന്ന ഡി വൈ എസ് പിയുടെ സാന്നിധ്യത്തിലാകണം വക്കീലിന്റെ കൂടിക്കാഴ്ചയെന്ന് ജില്ലാ കോടതി പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതിനിടെ മനോജ് വധക്കേസില്‍ ശേഷിക്കുന്ന പ്രതികളെ പിടികൂടാന്‍ ക്രൈം ബ്രാഞ്ച് സംഘം കൊണ്ടുപിടിച്ച ശ്രമത്തിലാണുള്ളത്.
സംശയിക്കുന്നവരില്‍ ചിലര്‍ കസ്റ്റഡിയിലുണ്ടെന്നും അറിയുന്നു. ചിലരുടെ ഒളിത്താവളം കണ്ടെത്തിയതായും വിവരമുണ്ട്. കിഴക്കെ കതിരൂരില്‍ പോലീസ് തിരയുന്ന പ്രതികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയെന്നറിഞ്ഞ് പാതിരാത്രിയില്‍ ക്രൈം ബ്രാഞ്ച് എത്തിയിരുന്നു. എന്നാല്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഇയാള്‍ രക്ഷപ്പെട്ടുവത്രെ. എത്രയും പെട്ടെന്ന് കീഴടങ്ങിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടിവരുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥര്‍ പിന്‍മാറിയതെന്നും വിവരമുണ്ട്.
അതേസമയം, മനോജ് വധക്കേസിനോടനുബന്ധിച്ച് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തിന് മുന്നില്‍ സി പി എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി കെ ധനഞ്ജയന്‍ ഹാജരായി. മനോജ് കൊല്ലപ്പെട്ട കിഴക്കേ കതിരൂരിലെ ഏതാനും പാര്‍ട്ടി ഘടകങ്ങള്‍ ധനഞ്ജയന്‍ സെക്രട്ടറിയായ കൂത്തുപറമ്പ് ഏരിയാകമ്മിറ്റിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രസ്തുത ഘടകങ്ങളിലെ ഏതാനും സജീവ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും മനോജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലംവിട്ടിരുന്നു. ഇവരെ പറ്റി അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് ഒരാഴ്ച മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ധനഞ്ജയന് നോട്ടീസ് നല്‍കിയിരുന്നു.
ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച ദിവസം അസൗകര്യമാണെന്ന് അറിയിച്ച് അദ്ദേഹം മറുപടി നല്‍കിയതിന് പിറകെയാണ് നാല് ദിവസത്തിന് ശേഷം ഇന്നലെ രാവിലെ പത്ത് മണിയോടെ ക്രൈം ബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസില്‍ എത്തിയത്. മൊഴി നല്‍കിയ ശേഷം ഉച്ചയോടെ ഇദ്ദേഹം തിരിച്ചുപോയി.