Connect with us

Wayanad

നവ്യയുടെ രക്ഷിതാക്കള്‍ക്ക് മന്ത്രി പി കെ ജയലക്ഷ്മി ഒരു ലക്ഷം രൂപ നല്‍കും

Published

|

Last Updated

കല്‍പ്പറ്റ: വീടിന്റെ ഭിത്തി തകര്‍ന്നുവീണ് മരിച്ച നവ്യയുടെ കുടുംബത്തിന് മന്ത്രി പി കെ ജയലക്ഷ്മി ഒരു ലക്ഷം രൂപ അനുവദിച്ചു. നിര്‍മ്മാണം പാതിവഴിയിലായ വീടിന്റെ ഭിത്തി തകര്‍ന്നുവീണ് മരിച്ച നവ്യ (ഏഴ്)യുടെ കുടുംബത്തിന് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചതായി വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. വെള്ളമുണ്ട പഞ്ചായത്തിലെ പുതുക്കോട് അരയാല്‍ത്തറ കോളനിയിലെ സുന്ദരന്റെ മകള്‍ നവ്യ ഇക്കഴിഞ്ഞ 15നാണ് അയല്‍വാസിയുടെ മണിയുടെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭിത്തി നിര്‍മ്മിച്ച ചെങ്കല്ല് വീണ് മരിച്ചത്. 2010-11 സാമ്പത്തികവര്‍ഷത്തില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ ഇ എം എസ് ഭവനപദ്ധതിയില്‍ അനുവദിച്ച വീടാണ് മണിയുടേത്. കട്ടിലപൊക്കം വരെ മാത്രം നിര്‍മ്മാണം നടത്തിയ വീടിന്റെ ഉള്‍ഭിത്തിയില്‍ അലമാരക്ക് വേണ്ടി ഒഴിച്ചിട്ട ഭാഗത്ത് നിന്നുള്ള ചെങ്കല്ലുകളാണ് കുട്ടികള്‍ കളിക്കുമ്പോള്‍ ഇളകി വീണത്. നേരത്തെ അമ്മ ഉപേക്ഷിച്ച നവ്യയെ സുന്ദരന്റെ അമ്മയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നിരുന്നത്. ഇത് സംബന്ധിച്ച മാനന്തവാടി ടി ഡി ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു ലക്ഷം രൂപ നവ്യയുടെ രക്ഷിതാക്കള്‍ക്ക് അനുവദിച്ചത്.

 

Latest