Connect with us

Kozhikode

താമരശ്ശേരി ചെക്ക്‌പോസ്റ്റ് നോക്കുകുത്തിയാകുന്നു

Published

|

Last Updated

താമരശ്ശേരി: വാണിജ്യ നികുതി വെട്ടിപ്പ് കണ്ടെത്താനായി താമരശ്ശേരിയില്‍ സ്ഥാപിച്ച ചെക്ക്‌പോസ്റ്റ് നോക്കുകുത്തിയാകുന്നു. ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ നിരീക്ഷിക്കാനോ നിര്‍ത്താതെ പോകുന്നവ പിടികൂടാനോ സൗകര്യമില്ലാത്തതും ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. 

ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോകുന്ന ചരക്കുവാഹനങ്ങള്‍ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തി സീല്‍ പതിപ്പിക്കണമെന്നാണ് നിയമം. പതിറ്റാണ്ടുകളായി താമരശ്ശേരിയില്‍ ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ചെക്ക്‌പോസ്റ്റിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് നിയമം ലംഘിച്ച് കടന്നപോകുന്നത്.
സംസ്ഥാനത്തിനകത്തുനിന്നുള്ള പര്‍ച്ചേഴ്‌സ് ബില്ല് ചെക്ക്‌പോസ്റ്റില്‍ കാണിച്ച് സീല്‍ പതിക്കുന്നതോടെയാണ് വാണിജ്യ നികുതി വകുപ്പിന്റെ രേഖയില്‍ വില്‍പ്പന രേഖപ്പെടുത്തുന്നത്. സീല്‍ പതിക്കാതെ ഒരു വാഹനം ചെക്ക്‌പോസ്റ്റ് വെട്ടിച്ചാല്‍ ഭീമമായ സംഖ്യയാണ് സര്‍ക്കാറിന് നഷ്ടമാകുന്നത്. വാഹനം കടന്നുവരുന്ന റൂട്ടിലെ ആദ്യ ചെക്ക് പോസ്റ്റില്‍നിന്ന് സീല്‍ പതിച്ചിട്ടില്ലെങ്കില്‍ നികുതി വെട്ടിച്ചതായി കണക്കാക്കി പിഴ ഈടാക്കണം. എന്നാല്‍ താമരശ്ശേരി ചെക്ക്‌പോസ്റ്റില്‍ ഇതും നടക്കുന്നില്ല.
രാത്രിയില്‍ ജോലിചെയ്യുമ്പോള്‍ ആളുകള്‍ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തുന്നുവെന്നും പേടി കാരണം നിയമം നടപ്പാക്കാന്‍ കഴിയുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. താമരശ്ശേരി ചെക്ക്‌പോസ്റ്റിനുമുന്നില്‍ റോഡരികില്‍ ആകെയുള്ളത് സ്‌റ്റോപ്പ് എന്ന് എഴുതിയ ഒരു ചെറിയ തൂണ്‍ മാത്രമാണ്. ഇത് ശ്രദ്ധയില്‍ പെടണമെങ്കില്‍ വാഹനം നിര്‍ത്തി ശ്രദ്ധിച്ചുനോക്കണം.
പിടിക്കപ്പെട്ടാല്‍ ചെക്ക്‌പോസ്റ്റ് ശ്രദ്ധയില്‍ പെട്ടില്ലെന്ന പതിവു പല്ലവിക്ക് ഇത് സഹായകമാകും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട ചെക്ക്‌പോസ്റ്റില്‍ മൂന്ന് സെയില്‍ ടാക്‌സ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് ക്ലര്‍ക്കുമാരും മൂന്ന് അറ്റന്‍ഡര്‍മാരുമാണ് നിലവിലുള്ളത്.
വാഹനങ്ങള്‍ കൈകാണിച്ച് നിര്‍ത്തിക്കാനോ നിര്‍ത്താത്ത വാഹനങ്ങള്‍ പിടികൂടാനോ ആളും സംവിധാനമില്ല. ഓഫീസ് അറ്റന്‍ഡര്‍ക്ക് റോഡിലിറങ്ങി വാഹനങ്ങളെ നിരീക്ഷിക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.