Connect with us

Kozhikode

കേരളത്തിന്റെ പെണ്‍പട കിരീടനേട്ടത്തിനായി യാത്ര തിരിച്ചു

Published

|

Last Updated

SUBRATOകോഴിക്കോട്: മലബാറിന്റെ ഫുട്‌ബോള്‍ പെരുമ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ പെണ്‍പട കിരീടനേട്ടത്തിനായി യാത്ര തിരിച്ചു. കാല്‍പ്പന്തുകളിയില്‍ കേരളത്തിന്റെ മഹിമ രാജ്യാന്തര തലത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഇന്നലെ വൈകീട്ട് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ സ്‌കൂള്‍ ഫുട്‌ബോള്‍ മേളയായ സുബ്രതോ കപ്പില്‍ പങ്കെടുക്കാനാണ് കേരളത്തെ പ്രതിനിധീകരിച്ച് 16 അംഗ പെണ്‍സംഘം യാത്രതിരിച്ചത്. മാസങ്ങളായുള്ള കഠിന പരിശീലനത്തിനൊടുവിലാണ് ഏറെ പ്രതീക്ഷയോടെ കോച്ച് എം ഫൗസിയയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലേക്ക് തിരിച്ചത്. നാളെ സംഘം ഡല്‍ഹിയിലെത്തും. 

ഇന്ത്യയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ടീമുകളെ കൂടാതെ ബ്രസീല്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളും മത്സരത്തില്‍ പന്തുതട്ടാനെത്തും. 25 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അതിനാല്‍ തന്നെ മത്സരം കടുപ്പമേറിയതാകും. എങ്കിലും വിജയപ്രതീക്ഷ മാത്രമാണ് മനസ്സിലുള്ളതെന്ന് കോച്ച് ഫൗസിയ പറഞ്ഞു. കഴിഞ്ഞ കുറേക്കാലമായി സംസ്ഥാനതലത്തില്‍ ഫുട്‌ബോളില്‍ മികച്ച നേട്ടം കൊയ്ത പെരുമയുമായാണ് നടക്കാവ് സ്‌കൂളിലെ കുട്ടികള്‍ രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നത്. തൊടുപുഴയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായതോടെയാണ് നടക്കാവ് ഗേള്‍സിന് സുബ്രതോ കപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചത്.
ടി കെ അര്‍ച്ചനയാണ് ടീം ക്യാപ്റ്റന്‍. അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഇന്ത്യന്‍ ക്യാമ്പിലേക്ക് പ്രവേശനം നേടിയ ടി ഉണ്ണിമായ, ആര്‍ എം വര്‍ഷ, എന്‍ തീര്‍ഥ, ആശ രാജേഷ്, അല്‍ഫോന്‍സ പി സാംസണ്‍, അലക്‌സിബ പി സാംസണ്‍, ആര്‍ വിസ്മയ, പി ബിജുഷ, ഷഹാന ഷെറിന്‍, പി ആദിത്യ, എം ജി ശ്രീലക്ഷ്മി, കെ മാനസ, വി ഭാഗ്യശ്രീ, സി വി ദൃശ്യ, പി അജിന എന്നിവരാണ് ടീം അംഗങ്ങള്‍. സുരേഷ്‌കുമാറാണ് ടീം മാനേജര്‍. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍, ഒഡീസിയ ഗ്രൂപ്പ് എന്നിവരാണ് സ്‌പോണ്‍സര്‍മാര്‍.
27ന് ഡല്‍ഹിയില്‍ അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ ഹരിയാനയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. 29 ന് രണ്ടാം മത്സരത്തില്‍ എയര്‍ഫോഴ്‌സ് ടീമായ ഐ ടി എസ് സിയുമായി ഏറ്റുമുട്ടും.