Connect with us

International

അഫ്ഗാനില്‍ അശ്‌റഫ് ഗനിയുടെ വിജയം പ്രഖ്യാപിച്ചു

Published

|

Last Updated

കാബൂള്‍: രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അശ്‌റഫ് ഗനി വിജയിച്ചതായി അഫ്ഗാനിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടിംഗിലും എണ്ണലിലും ക്രമക്കേട് ആരോപിച്ച് അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ അബ്ദുല്ല അബബ്ദുല്ല രംഗത്തെത്തിയതിനെ തുടര്‍ന്ന് സംജാതമായ പ്രതിസന്ധിക്ക് ഇതോടെ അറുതിയായി. അശ്‌റഫ് ഗനിയും അബ്ദുല്ലാ അബ്ദുല്ലയും അധികാര വിഭജന കരാറില്‍ ഒപ്പ് വെച്ചതോടെയാണ് വിജയപ്രഖ്യാപനത്തിന് വഴിയൊരുങ്ങിയത്. കരാര്‍ പ്രകാരം അബ്ദുല്ലാ അബ്ദുല്ല സര്‍ക്കാറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആകും.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന പരിപാടികള്‍ രാജ്യത്തെ പ്രധാന ടെലിവിഷനുകള്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഗനി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഹാമിദ് കര്‍സായിയുടെ വക്താവ് ഐമല്‍ ഫൈസി പറഞ്ഞു. 2014ന് ശേഷവും ചെറിയ നിലയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം അഫ്ഗാനില്‍ ആവശ്യപ്പെടുന്ന കരാറില്‍ പുതിയ പ്രസിഡന്റ് ഒപ്പിടുമെന്നാണ് കരുതപ്പെടുന്നത്.
തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വന്‍ വിവാദമാണ് അഫ്ഗാനില്‍ അരങ്ങേറിയത്. തിരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി അബ്ദുല്ല അബ്ദുല്ലയുടെ അനുയായികള്‍ തെരുവിലിറങ്ങി വ്യാപകമായ പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര അനുരഞ്ജകരുടെ മാധ്യസ്ഥ്യത്തില്‍ മുഴുവന്‍ വോട്ടും ഓഡിറ്റിന് വിധേയമാക്കുകയും നിരവധി ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു.

Latest