Connect with us

National

വിരുന്നില്‍ പങ്കെടുക്കാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ വിമാനം വൈകിപ്പിച്ചു

Published

|

Last Updated

മുംബൈ: എയര്‍ ഇന്ത്യയുടെ വിമാനം മൂന്ന് മണിക്കൂര്‍ വൈകുമെന്ന് അറിയിച്ച്, ജീവനക്കാര്‍ വിരുന്നില്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍- ഡല്‍ഹി എയര്‍ ഇന്ത്യാ വിമാനമാണ് വൈകുമെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. ഈ സമയം എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് ഡാന്‍സ് ചെയ്യുകയായിരുന്നു. സീനിയര്‍ എക്‌സിക്യൂട്ടീവിന്റെ സ്ഥാനക്കയറ്റത്തെ തുടര്‍ന്ന് സംഘടിപ്പിച്ച വിരുന്നില്‍ ജീവനക്കാര്‍ ആഘോഷിക്കുന്ന 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 17ന് ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എഐ-116 ബോയിംഗ് ഡ്രീംലൈനര്‍ വിമാനം തലസ്ഥാനത്തെ മോശം കാലാവസ്ഥ കാരണം മുംബൈയില്‍ ഇറക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് രാവിലെ 9.30ന് പുറപ്പെടാന്‍ നിശ്ചയിച്ച വിമാനം പറന്നത് ഉച്ചക്ക് 12.30ന്. സ്റ്റാഫംഗങ്ങള്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തത് കൊണ്ടാണ് വിമാനം മൂന്ന് മണിക്കൂര്‍ വൈകിയതെന്ന് അന്ന് തന്നെ ആള്‍ ഇന്ത്യാ സര്‍വീസ് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ എയര്‍ഇന്ത്യ ചെയര്‍മാന്‍ രോഹിത് നന്ദന് പരാതി നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ് സംഘടന. നേരത്തെ നല്‍കിയ പരാതിക്ക് തെളിവായി ഒന്നും സമര്‍പ്പിക്കാനുണ്ടായിരുന്നില്ല. ജീവനക്കാര്‍ക്ക് ഫ്‌ളൈറ്റ് ഡ്യൂട്ടി നിശ്ചയിച്ചു നല്‍കേണ്ട ഷെഡ്യൂളിംഗ് മേധാവി ഷീല കരുണാകരനും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് പകരം ഷീല ജീവനക്കാര്‍ക്ക് നേരാം വണ്ണം ഡ്യൂട്ടി നല്‍കിയിരുന്നെങ്കില്‍ വിമാനം മൂന്ന് മണിക്കൂര്‍ വൈകില്ലായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹര്‍പ്രീത് സിംഗ്, ജോയിന്റ് ജനറല്‍ മാനേജറും കസ്റ്റമര്‍ സര്‍വീസ് ക്യാപ്റ്റനുമായ ഡി എക്‌സ് പയസ്, എയര്‍ ഇന്ത്യയുടെ മുംബൈ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുകേഷ് ഭാട്ടിയ എന്നിവരും ആഘോഷത്തിമര്‍പ്പിലായിരുന്നു.