‘ബി വാട്ടര്‍ സ്മാര്‍ട്ട്’ കാമ്പയിനുമായി ദിവ

Posted on: September 20, 2014 7:37 pm | Last updated: September 20, 2014 at 7:38 pm
SHARE

FB 403x403ദുബൈ: ജല വിനിയോഗം നിയന്ത്രിക്കാനായി ‘ബി വാട്ടര്‍ സ്മാര്‍ട്’ കാമ്പയിനുമായി ദിവ രംഗത്ത്. ജല വിനിയോഗത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള സുസ്ഥിര വികസനമാണ് കാമ്പയിനിലൂടെ ദിവ ലക്ഷ്യമിടുന്നത്. ഇതിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദിവ.പ്രകൃതി വിഭവങ്ങളുടെ അനാവശ്യമായ ചൂഷണം ഒഴിവാക്കാനാണ് ബി വാട്ടര്‍ സ്മാര്‍ട് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. ജലം സരക്ഷിക്കാനുള്ള ദേശീയവും അന്തര്‍ദേശീയവുമായ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗം കൂടിയാണിത്. കാമ്പയിന്റെ ഭാഗമായി ജലം എത്രത്തോളം അമൂല്യമായ വസ്തുവാണെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.

ദുബൈയില്‍ ദിവ നല്‍കുന്ന ജലത്തിന്റെ 97 ശതമാനവും കടല്‍ ജലം ശുദ്ധീകരിച്ചാണ് തയ്യാറാക്കുന്നത്. ഇത് വളരെ പ്രയത്‌നവും ധനവും ആവശ്യമുള്ള പരിപാടിയാണ്. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള കാമ്പയിന്‍ നടത്തിയിരുന്നു. അന്ന് വ്യാവസായികവും വാണിജ്യവുമായ ആവശ്യങ്ങള്‍ക്ക് ജലം ഉപയോഗിക്കുന്നവയെയായിരുന്നു ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷം എമിറേറ്റിലെ താമസ മേഖലയെ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ ഒരുക്കുന്നത്.
2013ല്‍ മൊത്തം ഉപയോഗിച്ച ജലത്തിന്റെ 58.41 ശതമാനവും താമസ മേഖലയിലെ ഉപഭോഗമായിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ഉപഭോഗം 28 ശതമാനവും വാണിജ്യേതരമായ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് 10.67 ശതമാനവും വ്യാവസായികമായുള്ള ആവശ്യങ്ങള്‍ക്ക് 2.92 ശതമാനവുമായിരുന്നു.
ദൈന്യംദിന ആവശ്യങ്ങള്‍ക്കായി ജലം ഉപയോഗപ്പെടുത്തുന്നതില്‍ സൂക്ഷ്മത പാലിക്കാനായി ജനങ്ങളെ ബോധവത്കരിക്കും. ഇതിലൂടെ ജലത്തിന്റെ ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ദിവ കണക്കുകൂട്ടുന്നത്.
ജലം പാഴാവുന്നത് ഒഴിവാക്കാന്‍ ഉതകുന്ന രീതിയിലുള്ള ടാപ്പുകളും മറ്റും ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, പ്രകൃതിക്ക് ഇണങ്ങുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ സജ്ജമാക്കുക, പൈപ്പുകളിലൂടെ വെള്ളം പാഴാവുന്നുണ്ടോയെന്നും പതിവായി പരിശോധിക്കാന്‍ ഉപഭോക്താക്കളെ ബോധവത്കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ദിവ ബി വാട്ടര്‍ സ്മാര്‍ട് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്നും അല്‍ തായര്‍ പറഞ്ഞു.