ജാതി സര്‍ട്ടിഫിക്കറ്റ് താലൂക്ക് ഓഫീസ് വഴി; ശിപാര്‍ശ നല്‍കുമെന്ന് നിയമസഭാ സമിതി

Posted on: September 20, 2014 9:52 am | Last updated: September 20, 2014 at 9:52 am
SHARE

communityകോഴിക്കോട്: പട്ടികജാതിക്കാര്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റ് അക്ഷയ സെന്റര്‍വഴി നല്‍കുന്ന നിലവിലുള്ള രീതിക്കൊപ്പം താലൂക്ക് തഹസില്‍ദാര്‍ വഴിയും നല്‍കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്ന് പട്ടികജാതി ക്ഷേമം സംബന്ധിച്ച നിയമസഭാ കമ്മിറ്റി ചെയര്‍മാന്‍ വി പി സജീന്ദ്രനും അംഗം പുരുഷന്‍ കടലുണ്ടിയും അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. നേരത്തെ വില്ലേജ് ഓഫീസുകളില്‍നിന്ന് സൗജന്യമായി ലഭിച്ചിരുന്ന ജാതി സര്‍ട്ടിഫിക്കറ്റിന് അക്ഷയ സെന്ററുകള്‍ വഴി ലഭിക്കുമ്പോള്‍ ഫീസ് നല്‍കേണ്ട സ്ഥിതിയാണുള്ളതെന്ന് കമ്മിറ്റി മുമ്പാകെ പരാതിയുയര്‍ന്നു. ചില അക്ഷയ സെന്ററുകളില്‍ 100 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ടെന്നും കാലതാമസം നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയപ്പോഴാണ് അക്ഷയ സെന്ററുകള്‍ക്ക് പുറമെ താലൂക്ക് ഓഫീസുകള്‍ വഴിയും സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംവിധാനത്തിന് ശ്രമിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയത്.

പട്ടികജാതിക്കാര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ പട്ടികജാതിക്ഷേമ പിന്നാക്കവിഭാഗ വകുപ്പ് മൂന്ന് ലക്ഷം രൂപ നല്‍കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ മാത്രമേ കൊടുക്കാന്‍ അനുമതിയുള്ളുവെന്ന് സിറ്റിംഗില്‍ പരാതി ഉയര്‍ന്നു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
പനങ്ങാട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കോളനിയില്‍ സാംസ്‌കാരിക നിലയം നിര്‍മ്മിക്കാന്‍ പൂരിക്കുന്നുമ്മല്‍ ദേവി സൗജന്യമായി മൂന്നര സെന്റ് ഭൂമി നല്‍കിയെങ്കിലും ഗ്രാമപഞ്ചായത്ത് അനുമതി നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നു. അടിയന്തരമായി അനുമതി നല്‍കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെടണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേലാട്ട്കുന്ന് കോളനിയിലെ 30 കുടുംബങ്ങള്‍ക്ക് കോളനിയില്‍ തന്നെയുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലോ അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തോ പട്ടയം നല്‍കണമെന്ന് സമിതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തലയാട് ചെമ്പുങ്കര കെ കെ കാര്‍ത്യായനിയുടെ സ്ഥലം കയ്യേറി രണ്ട് പേര്‍ സ്വകാര്യ റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കോടതി വിധിയുണ്ടായിട്ടും നടപ്പാക്കുന്നില്ലെന്ന് സമിതി മുമ്പാകെ പരാതിയുയര്‍ന്നു. ഇക്കാര്യത്തില്‍ കാര്‍ത്യായനിക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് സമിതി പോലീസിനോടാവശ്യപ്പെട്ടു.
പട്ടികവര്‍ഗ്ഗക്കാരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിതള്ളുന്നതിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടുക, കൊടുവള്ളി ആനപ്പാറ കോളനിയിലെ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. സിറ്റിംഗില്‍ ജില്ലാ കലക്ടര്‍ സി എ ലത, സമിതി സെക്രട്ടറി ടി മനോഹരന്‍ നായര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ധീരജ്കുമാര്‍ ഗുപ്ത, ഡി എഫ് ഒ അമന്‍ദീപ് കൗര്‍, എ ഡി എം കെ രാധാകൃഷ്ണന്‍ പങ്കെടുത്തു.