Connect with us

International

ഇസില്‍ വിരുദ്ധ ദൗത്യം : ഇറാഖില്‍ ഫ്രഞ്ച് വ്യോമാക്രമണം

Published

|

Last Updated

പാരീസ്: ഇസില്‍ തീവ്രവാദികള്‍ക്കെതിരെ വാഗ്ദാനം ചെയ്ത സൈനിക നടപടിയുടെ ഭാഗമായി ഇറാഖിലെ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ ആദ്യ വ്യോമാക്രമണം നടത്തിയതായി ഫ്രാന്‍സ്. ആക്രമണത്തിന്റെ ആദ്യപടിയായി തീവ്രവാദികളുടെ ഡിപ്പോ ആക്രമിച്ചതായി പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളന്റേ പ്രസ്താവനയില്‍ പറഞ്ഞു. റാഫേല്‍ ജെറ്റുകളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. വടക്കു പടിഞ്ഞാറന്‍ ഇറാഖിലെ ലക്ഷ്യ കേന്ദ്രങ്ങള്‍ മുഴുവനായും നശിപ്പിച്ചതായും വരും ദിവസങ്ങളില്‍ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസിലിനെതിരെ ഫ്രാന്‍സിന്റെ വ്യോമാക്രമണം ഉടന്‍ ഉണ്ടാകുമെന്ന് ഹോളന്റെ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇറാഖില്‍ മാത്രമായിരിക്കും സൈനിക നടപടിയെന്നും എന്നാല്‍ കരസേനയെ അയക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇസില്‍ തീവ്രവാദികള്‍ക്കെതിരായി അമേരിക്ക പടുത്തുയര്‍ത്തിയ സൈനിക രാഷ്ട്രീയ സാമ്പത്തിക സഖ്യത്തില്‍ അണിചേരാന്‍ ഫ്രാന്‍സ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. യു എന്‍ സുരക്ഷാ കൗണ്‍സിലിലെ അഞ്ച് അംഗങ്ങള്‍ യൂറോപ്യന്‍, അറബ് രാജ്യങ്ങള്‍, ഇ യു അറബ് ലീഗ് , യു എന്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര സമ്മേളനം തിങ്കളാഴ്ച പാരീസില്‍ നടക്കും. ഇസിലിനെതിരായി ആഗോളതലത്തില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയെന്ന ലക്ഷ്യമാണ് പ്രധാനമായും ഈ യോഗത്തിലുണ്ടാകുക.
അമേരിക്കയുടെ ഇസില്‍വിരുദ്ധ നീക്കത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് ബ്രിട്ടന്‍ അടക്കം നിരവധി രാജ്യങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഫ്രാന്‍സിന്റെ നീക്കം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് ആത്മവിശ്വാസം പകരുന്നതാണ്. തങ്ങളുടെ ദൗത്യത്തിന് കൂടുതല്‍ ആഗോള പിന്തുണ കൈവരുന്നതിന്റെ സൂചനയാണ് ഫ്രാന്‍സിന്റെ നിലപാടെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.