Connect with us

Wayanad

അഴിമതി, കെടുകാര്യസ്ഥത; മൂപ്പൈനാട് പഞ്ചായത്തിനെതിരെ സി പി എം

Published

|

Last Updated

കല്‍പ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സി പി എം പ്രക്ഷോഭത്തിലേക്ക്. അഴിമതികള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയില്ലെങ്കില്‍ ഒക്ടോബര്‍ 15 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സിപിഎം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ്. ജനങ്ങളില്‍ നിന്നും നികുതി പിരിച്ച് തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഓഡിറ്റിംഗ്് സമയത്ത് വസ്തു നികുതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതും ട്രഷറിയില്‍ നിന്നും പിന്‍വലിച്ച തുക സംബന്ധിച്ച് വന്ന പരാമര്‍ശങ്ങളും അഴിമതിയുടെ പ്രകടമായ തെളിവുകളാണ്.
റിസോര്‍ട്ടുകള്‍ക്കും വന്‍കിടക്കാര്‍ക്കും മുന്‍കൂര്‍ കെട്ടിട നമ്പര്‍ നല്‍കിയതും കണ്ടെത്തിയിട്ടുണ്ട്. പാവപ്പെട്ടവരുടെ വീടിന് നമ്പര്‍ നല്‍കുന്നതിന് ഏറെ തടസങ്ങള്‍ പറയുമ്പോഴാണ് റിസോര്‍ട്ടുകള്‍ക്കും മറ്റും നിര്‍മിക്കുന്നതിന് മുമ്പുതന്നെ കെട്ടിട നമ്പര്‍ നല്‍കുന്നത്. റേഷന്‍കാര്‍ഡിനും മറ്റുമായി വീട് നമ്പര്‍ അനുവദിച്ചു തരണമെന്ന അപേക്ഷ ഒരു വര്‍ഷം മുമ്പ് നല്‍കിയിട്ടും ഫലംകാണാത്ത അവസ്ഥയുണ്ട്. പദ്ധതി നടത്തിപ്പില്‍ കാര്‍ഷിക മേഖലയെ എല്ലാവര്‍ഷവും അവഗണിക്കുകയാണ്. പദ്ധതി നടത്തിപ്പില്‍ 22.5 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍ ഇതില്‍ രണ്ടര ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. 20 ലക്ഷം പാഴാക്കി. 155 പദ്ധതികള്‍ അംഗീകാരം വാങ്ങി ഫണ്ട് വെച്ചുവെങ്കിലും 99 പദ്ധതികളാണ് നടപ്പാക്കിയത്്. എസ്ടി ഭവന നിര്‍മാണ നടത്തിപ്പിന്റെ ചുമതല സിഡിഎസ് ഏറ്റെടുത്തെങ്കിലും ഒന്നും ചെയ്തില്ല.
കോടിക്കണക്കിന് രൂപയുടെ പര്‍ച്ചേഴ്‌സിങ് നടക്കുന്നുവെങ്കിലും നാലര വര്‍ഷത്തോളമായി കമ്മിറ്റി രൂപീകരിച്ചിട്ടില്ല. അഴിമതി നടത്താനാണ് ഇത്തരംകമ്മിറ്റി രൂപീകരിക്കാതെ സാധനങ്ങള്‍ വാങ്ങുന്നത്. അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര പദാര്‍ഥങ്ങള്‍ വിതരണം ചെയ്തത് സംബന്ധിച്ച് രേഖാമൂലം പരാതി നല്‍കിട്ടും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. തൊഴിലുറപ്പില്‍ പണിയെടുത്താല്‍ കൂലിവിതരണം മാസങ്ങള്‍ കഴിഞ്ഞാണ്.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യാതിരുന്നു. ഭരണസമിതിയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ഇത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ അംഗീകരിച്ചില്ല. പകരം വ്യാജ ഒപ്പിട്ട് ഭൂരിപക്ഷം ഉണ്ടെന്ന് വരുത്തി. ഇത് ചോദ്യം ചെയ്തപ്പോള്‍ വനിതാ അംഗത്തെ മര്‍ദ്ദിച്ചു. മര്‍ദ്ദിച്ചവര്‍ക്കെതിരെ ദുര്‍ബല വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. വ്യാജഒപ്പിടുകയും എടുക്കാത്ത തീരുമാനങ്ങള്‍ സെക്രട്ടറി പിന്നീട് എഴുതി ചേര്‍ക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിഡിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടി ഇല്ലാത്തപക്ഷം സമരം ആരംഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി പി സി ഹരിദാസ്, യു കരുണന്‍, സിജിറോഡ്രിഗ്‌സ്, വി കേശവന്‍ എന്നിവര്‍ പങ്കെടുത്തു.