കൈരളി റോഡ് വിദേശ മദ്യഷാപ്പ് സത്യഗ്രഹ സമരത്തിന് ജനപിന്തുണയേറുന്നു

Posted on: September 19, 2014 9:36 am | Last updated: September 19, 2014 at 9:36 am
SHARE

ബാലുശ്ശേരി: വിദേശമദ്യ ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കൈരളി റോഡ് മദ്യവിരുദ്ധ സമര സമിതി നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. രണ്ടാം ദിവസമായ ഇന്നലെ ബാലുശ്ശേരി ടൗണിലും പരിസരത്തുമുള്ള പൊതുജനങ്ങളുടെ പങ്കാളിത്തം കൂടിയത് സമരസമിതി പ്രവര്‍ത്തകരില്‍ ആവേശം പടര്‍ത്തി.
സത്യഗ്രഹ സമരം പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. കെ മനോജ് അധ്യക്ഷത വഹിച്ചു. ഹാജി മാഹിന്‍ നെരോത്ത്, ഭരതന്‍ പുത്തൂര്‍വട്ടം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു കെ വിജയന്‍, എ പി വിലാസിനി, ടി എ കൃഷ്ണന്‍, കെ എം ഗോപാലന്‍ നായര്‍, കുര്യന്‍ ചെമ്പനാനി, റഷീദ് കരീറ്റിപ്പറമ്പില്‍, കെ പി മനോജ് കുമാര്‍, ശ്രീധരന്‍ പൊയിലില്‍, ഷൈബാഷ് അറപ്പീടിക പ്രസംഗിച്ചു.
അതിനിടെ, സത്യഗ്രഹ സമരം തുടങ്ങുന്നതിന് മുമ്പ് മദ്യപിച്ചെത്തിയ യുവാക്കള്‍ തമ്മില്‍ കൈരളി റോഡില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ കുപ്പിച്ചില്ലുകൊണ്ട് അക്രമിച്ചതിനാല്‍ ഒരു യുവാവിന് പരുക്കേറ്റു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും ഓടിരക്ഷപ്പെട്ടു. കൈരളി റോഡിലെ ഇടവഴികളിലും ആളൊഴിഞ്ഞ പറമ്പുകളിലും മദ്യപിക്കാനെത്തുന്നവരുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്.