പരിഷ്‌കരിച്ച യമഹ ഫേസര്‍ എഫ് ഐ വി2.0 പുറത്തിറക്കി

Posted on: September 18, 2014 8:29 pm | Last updated: September 18, 2014 at 8:34 pm
SHARE

yamaha fazer150 സി സി ബൈക്കായ ഫേസറിന്റെ പരിഷ്‌കരിച്ച മോഡലായ ഫേസര്‍ എഫ് ഐ വി2.0 യമഹ മോട്ടോര്‍ ഇന്ത്യ പുറത്തിറക്കി. 18നും 30നും മധ്യേ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് യമഹ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ കമ്പനി പുറത്തിറക്കിയ നവീകരിച്ച എഫ് സി മോഡലുകളുടേതിന് സമാനമായ എഞ്ചിനാണ് ഫേസര്‍ വേര്‍ഷന്‍ 2.0 നും ഉള്ളത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 149 സി സി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എഞ്ചിന് 13 ബി എച്ച് പി 12.8 എന്‍ എം ആണ് ശേഷി. അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സുള്ള ബൈക്കിന്റെ പുതിയ എന്‍ജിന്‍ പഴയതിലും 14 ശതമാനം അധിക ഇന്ധനക്ഷമത നല്‍കുമെന്ന് യമഹ അവകാശപ്പെടുന്നു.

ഇരട്ട ഹെഡ്‌ലാംപുകള്‍ അടങ്ങുന്ന ഫെയറിങ്ങുള്ള എഫ് സി പതിപ്പായ ഫേസറിന്റെ ബോഡി ഭാരം കുറച്ചതിനാല്‍ എന്‍ജിന്‍ പെര്‍ഫോമന്‍സ് മെച്ചപ്പെട്ടിട്ടുണ്ട്. 137 കിലോഗ്രാമാണ് പുതിയ ഫേസറിന്റെ ഭാരം. പിന്നിലിരിക്കുന്ന ആളിന്റെ യാത്രാസുഖം കൂട്ടും വിധം സീറ്റും ഗ്രാബ് ബാറും പുനര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മെച്ചപ്പെട്ട സ്ഥിരത ഉറപ്പാക്കാനായി പുതിയ ടയറുകളും നല്‍കിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ സംവിധാനവും പരിഷ്‌കരിച്ചു.

ചുവപ്പ് , കറുപ്പ് , വെളുപ്പ് എന്നീ നിറങ്ങളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 83, 850 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.