സിനിമാ ഡൗണ്‍ലോഡിംഗ് പിടികൂടാന്‍ സോഫ്റ്റ്‌വെയറുമായി പോലീസ്

Posted on: September 18, 2014 7:21 pm | Last updated: September 18, 2014 at 7:24 pm
SHARE

piracyപുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരെ പിടികൂടാന്‍ പുതിയ സോഫ്റ്റ്‌വെയറുമായി ആന്റി പൈറസി സെല്‍ രംഗത്ത്. തിരുവനന്തപുരത്തെ ഏതാനും യുവ ഐ ടി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ ഹാക്ക് ലോക്ക് സൊലൂഷന്‍സ് വികസിപ്പിച്ച പൈറസി ട്രാക്കര്‍ എന്ന സോഫ്റ്റ്‌വെയര്‍ ആണ് പോലീസ് ഉപയോഗിക്കുന്നത്.

പുതിയ സിനിമകള്‍ അനുമതി കൂടാതെ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ ആ കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസും മാക് ഐ ഡിയും സംസ്ഥാന പൊലീസിന്റെ ആന്റി പൈറസി സെല്ലില്‍ എത്തും. ഹാക്‌ലോക്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിനിമകള്‍ക്കാണ് ഈ സംരക്ഷണം ലഭിക്കുന്നത്. ഇത്തരം സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചാലുടന്‍ ആന്റി പൈറസി സെല്ലിന്റെ ലോഗോയോടുകൂടി താക്കീത് കിട്ടും.

സോഫ്റ്റ്‌വെയര്‍ തയാറാക്കി നാല് മാസത്തിനിടെ 4746 പേര്‍ അനധികൃതമായി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചതായി കണ്ടെത്തി. സെര്‍ച്ചുകളില്‍ നിന്ന് ലഭിക്കുന്ന ഐ പി അഡ്രസുകള്‍ നിരന്തരം നിരീക്ഷിച്ച് പൊലീസ് കേസെടുക്കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് നീങ്ങും. പൈറസി ട്രാക്കര്‍ അധികം വൈകാതെ ആന്റി പൈറസി സെല്ലിന്റെ ഔദ്യോഗിക ആയുധമാകും.