Connect with us

Kerala

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പുതിയ യന്ത്രവുമായി ബോബി ചാണ്ടി

Published

|

Last Updated

മണ്ണാര്‍ക്കാട്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഉപയോഗിച്ചിരുന്ന ഊത്ത് യന്ത്രത്തിന് പകരം ഊതാതെ തന്നെ മദ്യത്തിന്റെ മണം പിടിച്ച് കൂകി അറിയിക്കുന്ന പുതിയ യന്ത്രമാണ് കണ്ടെത്തിയത്. തൃശൂര്‍ സിറ്റി ട്രാഫിക് പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പറവട്ടാനി സ്വദേശിയായ ബോബി ചാണ്ടിയാണ് ഇത് കണ്ടുപിടിച്ചത്.
നേരത്തെ പോലീസ് സേനയിലുണ്ടായിരുന്ന അനലൈസറില്‍ മദ്യപാന്‍മാരെ കൊണ്ട് ശക്തമായി ഊതിച്ചാല്‍ മാത്രമെ ബീപ്പ് ശബ്ദമുണ്ടായിരുന്നുളളൂ. എന്നാല്‍ പുതിയ അനലൈസറിലൂടെ മദ്യപന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ തന്നെ ബീപ്പ് ശബ്ദമുണ്ടാകുന്ന സംവിധാനമാണ്. സ്‌പൈഡര്‍ ബ്രീത്ത് അനലൈസര്‍ എന്ന് പേരിട്ടിരിക്കുന്ന അനലൈസറിലൂടെ 30 മില്ലി ഗ്രാം മദ്യം അകത്തുചെന്നവരെ കൂടി കണ്ടെത്താന്‍ കഴിയും. ബോബി ചാണ്ടി 200ഓളം അനലൈസറുകള്‍ പോലീസ് സേനക്ക് നല്‍കി കഴിഞ്ഞു. ഒരു എണ്ണത്തിന് 1750 രൂപയാണ് വില.
പഴയ അനലൈസര്‍ ഉപയോഗിച്ച് മദ്യപന്‍മാരെ കണ്ടെത്തെണമെങ്കില്‍ കഴിക്കാത്തവനെയും കഴിച്ചവനേയും എല്ലാം ഊതിക്കണം. എന്നാല്‍ പുതിയ മെഷീന്‍ അടുത്തുകൊണ്ടുപോയി പരിശോധിക്കേണ്ടയാളുടെ പേര് ചോദിച്ചാല്‍ മതി. പേര് പറയുന്ന മാത്രയില്‍ മെഷീന്‍ സിഗ്നല്‍ നല്‍കും. പ്രത്യേകമായി ഊതാന്‍ പറയേണ്ടയില്ല എന്നതാണ് ഗുണം. 17 വര്‍ഷം മുമ്പ് സര്‍വീസില്‍ കയറിയ ബോബി ചാണ്ടിക്ക് ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമയുണ്ട്.