Connect with us

Editorial

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് മദ്യമോ?

Published

|

Last Updated

ടൂറിസം വ്യവസായത്തെ ചുറ്റിപ്പറ്റിയാണിപ്പോള്‍ മദ്യനിരോധ ചര്‍ച്ച മുന്നേറിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് മദ്യം വിളമ്പിയില്ലെങ്കില്‍ ടൂറിസ്റ്റ് വ്യവസായം തകരുമെന്ന മദ്യവ്യവസായികളുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും പ്രചാരണം, യു ഡി എഫ് നേതൃ യോഗത്തില്‍ മദ്യനിരോധത്തിന് അനുകൂലമായി കൈ പൊക്കിയ ചില നേതാക്കള്‍ തന്നെ ഏറ്റുപിടിക്കുകയാണ്. ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ തകര്‍ച്ച ചൂണ്ടിക്കാട്ടി ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് വ്യാപകമായി ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കവും ഇതിനിടയില്‍ സജീവമാണ്. അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള നക്ഷത്ര ഹോട്ടലുകളില്‍ മദ്യക്കച്ചവടത്തിന് ലൈസന്‍സ് നല്‍കാനാണ് ശ്രമം.

ടൂറിസം വ്യവസായത്തിന്റെ അനിവാര്യ ഘടകവും പൂരകവുമാണ് മദ്യക്കച്ചവടമെന്ന് സ്ഥാപിക്കാനുള്ള സര്‍വേകളും അരങ്ങേറുന്നുണ്ട്. പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കേണ്ടതില്ലന്ന തീരുമാനവും ഞായറാഴ്ചകളിലെ മദ്യവില്‍പ്പന നിരോധവും സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന് കാണിക്കുന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വരികയുണ്ടായി. നിലവാരം കുറഞ്ഞ ബാറുകള്‍ പൂട്ടിക്കിടന്നത് സംസ്ഥാനത്തെ മദ്യപാനികളുടെ എണ്ണത്തിലുണ്ടാക്കിയ ഇടിവ് മറച്ചു വെച്ചു, ഇത് ജനങ്ങളുടെ മദ്യാസക്തി വര്‍ധിപ്പിക്കുകയാണുണ്ടായതെന്ന് പ്രചരിപ്പിച്ച മദ്യലോബിയുടെ വക്താക്കള്‍ തന്നെയാണിപ്പോള്‍ സര്‍വേ എന്ന പുതിയ തന്ത്രവുമായി രംഗത്തു വന്നത്.
കേരളത്തില്‍ വിനോദസഞ്ചാരികളെത്തുന്നത് മദ്യപിക്കാനാണെന്ന് തോന്നും ഇവരുടെ വേവലാതി കണ്ടാല്‍. മലനിരകളും കാടും സമതലവും തീരപ്രദേശവും എല്ലാമുള്‍ച്ചേര്‍ന്ന കേരളത്തിന്റെ പ്രകൃതിഭംഗിയും ഹരിതാഭയും സാംസ്‌കാരിക പൈതൃകവും ആയുര്‍വേദ ചികിത്സയുമൊക്കെയാണ് വിനോദസഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നത്. കേരള ടൂറിസത്തിന് അനന്ത സാധ്യതകള്‍ പ്രവചിക്കപ്പെടുന്നതും സംസ്ഥാനത്തിന്റെ ദൃശ്യമനോഹാരിത മുന്‍നിര്‍ത്തിയാണ്. കേരളത്തിലെ വിഖ്യാത വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, ആലപ്പുഴ, കുമരകം, തേക്കടി, കോവളം, വയനാട് തുടങ്ങിയവയാണ് സഞ്ചാരികളുടെ ഇഷ്ട ലക്ഷ്യസ്ഥാനങ്ങളെന്ന് കണക്കുകള്‍ കാണിക്കുന്നു. പരിസ്ഥിതി ടൂറിസത്തിന്റെ ഈ അംഗീകാരവും വളര്‍ച്ചയും പരിഗണിച്ചാണ് ഇന്ത്യന്‍ ഭരണകൂടവും കേരള സര്‍ക്കാറും അതിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതും. കേരള സന്ദര്‍ശനത്തിനെത്തുന്ന സഊദി അറേബ്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് അടുത്ത കാലത്തുണ്ടായത്. ഈ വര്‍ഷത്തെ ആദ്യത്തെ ഏഴ് മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തിയ 33,740 സഊദി പൗരന്മാരില്‍ 29,000ത്തോളം പേര്‍ കേരളത്തെ ലക്ഷ്യമാക്കി വന്നവരായിരുന്നു. പൊതുവെ മദ്യപാനികളല്ലാത്ത സഊദികള്‍ കേരളത്തിലെ മദ്യം മോന്താനല്ല വന്നതെന്ന് വ്യക്തം. കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന ടൂറിസ്റ്റുകളെ മദ്യത്തിന്റെ പ്രധാന ഉപഭോക്താക്കളായി വിലയിരുത്തുന്നത് വിവരക്കോടാണ്. മദ്യം നിഷിദ്ധമാക്കിയ സഊദി അറേബ്യ തുടങ്ങിയ അറബ് ഗള്‍ഫ് രാജ്യങ്ങള്‍ ലോകസഞ്ചാരികളുടെ പ്രധാന ആകര്‍ഷക കേന്ദ്രമാണെന്നതും ശ്രദ്ധേയമാണ്.
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയില്‍ താത്പര്യമുള്ളവര്‍ പ്രഥമമായി ശ്രദ്ധയൂന്നേണ്ടത് ഭൂമി, റിസോര്‍ട്ട് മാഫിയകളുടെ കൈയേറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ പ്രകൃതി സമ്പത്തുക്കളുടെ സംരക്ഷണത്തിലും അവയെ മാലിന്യമുക്തമാക്കുന്നതിലുമാണ്. കേരളത്തിന്റെ ജൈവ സമ്പത്തുകളും പ്രകൃതിയും വന്‍തോതില്‍ നശിച്ചുകൊണ്ടിരിക്കുകയും പുഴകളും കായലുകളും തോടുകളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുകയുമാണ്. വെടിപ്പും വൃത്തിയുമുള്ള ഒരു കടല്‍ത്തീരം പോലുമില്ല സംസ്ഥാനത്ത്. ദൈവത്തിന്റെ സ്വന്തം നാടെന്ന പരസ്യത്തില്‍ ആകൃഷ്ടരായി കേരളത്തിലെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ചീഞ്ഞു നാറുന്ന പ്രദേശങ്ങളാണെന്നതിന് പുറമെ പൊട്ടിപ്പൊളിഞ്ഞു യാത്ര അതിദുഷ്‌കരമായ റോഡുകള്‍ കൂടിയാണ്. നിര്‍ഭയമായി സഞ്ചരിക്കാന്‍ തക്ക സാഹചര്യവും ഇവിടെയില്ല. സാമൂഹികദ്രോഹികളുടെ ആക്രമണങ്ങള്‍ക്ക് വിനോദസഞ്ചാരികളും പലപ്പോഴും ഇരയാകുന്നുണ്ട് സംസ്ഥാനത്ത്. മദ്യനിരോധം ഒരുപക്ഷെ ചെറിയ തോതില്‍ ടൂറിസ്റ്റുകളുടെ വരവിനെ ബാധിച്ചേക്കാമെങ്കില്‍ തന്നെ, ക്രമസമാധാന രംഗത്ത് അതുണ്ടാക്കുന്ന ഗുണകരമായ പ്രതിഫലനം ഭാവിയില്‍ സഞ്ചാരികളുടെ വരവ് പൂര്‍വോപരി വര്‍ധിക്കാനിടയാക്കും.
കേരളത്തെ ലഹരിമുക്തമാക്കാനുള്ള സര്‍ക്കാറിന്റെ നീക്കം അട്ടിമറിക്കാന്‍ മദ്യലോബി പല തന്ത്രങ്ങളും പയറ്റുന്നുണ്ട്. മദ്യനിരോധം വ്യാജ മദ്യദുരന്തങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിക്കുമെന്നുമുള്ള പ്രചാരണങ്ങളാണ് ഇതിന്റെ ഭാഗമായി നേരത്തെ ഉയര്‍ന്നു വന്നത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖല തകരാന്‍ പോകുന്നുവെന്ന പ്രചാരണവും ഇവരുടെ സൃഷ്ടി തന്നെയാണ്. മദ്യലോബിയുടെ ഇത്തരം തന്ത്രങ്ങളെ അതിജീവിച്ചു, മദ്യത്തില്‍ നിന്നു ലഭിക്കുന്ന ഒരു വരുമാനവും വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ആര്‍ജവമാണ് സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Latest