Connect with us

Ongoing News

സാമ്പത്തിക പ്രതിസന്ധി: വെളളക്കരവും ഭൂനികുതിയും വര്‍ധിപ്പിച്ചു

Published

|

Last Updated

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായി സംസ്ഥാനം കടുത്ത നടപടികളിലേക്ക്. വെള്ളക്കരവും ഭൂനികുതിയും വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും നികുതിയും കൂട്ടിയിട്ടുണ്ട്.

വെള്ളക്കരം അമ്പത് ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. കിലോ ലിറ്ററിന് നിലവിലുള്ള നാലു രൂപ ആറാകും. 10000 ലിറ്റര്‍ വരെ വര്‍ധന ബാധകമല്ല. മദ്യത്തിന് 20 ശതമാനം നികുതിയും അഞ്ച് ശതമാനും സെസും ഏര്‍പ്പെടുത്തും. പുകയില ഉത്പന്നങ്ങള്‍ക്ക് എട്ട് ശതമാനമാണ് നികുതി വര്‍ധന.

പഞ്ചായത്ത് നഗരസഭാ പരിധികളില്‍ ഭൂനികുതി ഉയര്‍ത്തി. പഞ്ചായത്തില്‍ 20 സെന്റ് വരെ ഒരു രൂപയും 20 സെന്റിന് മുകളില്‍ രണ്ട് രൂപയുമാണ് പുതുക്കിയ നിരക്ക്. കോര്‍പറേഷന്‍ പരിധിയില്‍ നാലു സെന്റ് വരെ നാലു രൂപയും നാല് സെന്റിനു മുകളില്‍ എട്ടു രൂപയുമാണ് നികുതി. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ഒക്‌ടോബര്‍ ഒന്നിന് സമിതി റിപ്പോര്‍ട്ട് നല്‍കും.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വരുമാനം കൂട്ടാനും ചെലവു ചുരുക്കാനുള്ള വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. മന്ത്രിമാര്‍ ശമ്പളത്തിന്റെ 20 ശതമാനം മാര്‍ച്ച് വരെ വാങ്ങില്ല. വിദേശയാത്രകള്‍ പരമാവധി വെട്ടിച്ചുരുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്രത്തില്‍ നിന്നുള്ള വരുമാനവിഹിതം കുറഞ്ഞതും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് വര്‍ധിച്ചതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിയമന നിരോധനമില്ല, എന്നാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ധനവകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Latest