കഞ്ചാവ് കടത്ത് ടീ ബാഗ് രൂപത്തില്‍

Posted on: September 17, 2014 8:33 am | Last updated: September 17, 2014 at 8:33 am
SHARE

പത്തനംതിട്ട: സംസ്ഥാനത്ത് ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ പരിശോധന കര്‍ശനമായതോടെ കഞ്ചാവ് കടത്തുന്നത് ടീ ബാഗുകളുടെ രൂപത്തിലായി. ഗ്രീന്‍ ടീ ബാഗുകള്‍ എന്ന പേരിലാണ് ഇവ ചെക്ക്‌പോസ്റ്റുകള്‍ വഴി കടത്തുന്നത്.
കുമളി, ആര്യങ്കാവ്, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലൂടെ തമിഴ് നാട്ടിലേക്കാണ് പ്രധാനമായും കഞ്ചാവ് കടത്ത് നടക്കുന്നത്. വനാതിര്‍ത്തികളില്‍ കൃഷി ചെയ്യുന്ന നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട മുന്തിയ ഇനം കഞ്ചാവ് ആണ് ഇത്തരത്തില്‍ കടത്തുന്നത്. പത്ത് പാക്കറ്റ് കഞ്ചാവ് നിറച്ച ടീ ബാഗിന് 1500 മുതല്‍ 2000 രൂപവരെയാണ് വില. പ്രത്യേക രീതിയില്‍ സംസ്‌കരിച്ചാണ് ഇവ ടീ ബാഗുകളില്‍ നിറക്കുന്നത്. ഇതിന് പുറമെ പ്രാദേശികമായി നിര്‍മിക്കുന്ന ഓര്‍ഗാനിക് ഗ്രീന്‍ ടീ എന്ന പേരിലും ഇവ സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിലും എത്തുന്നുണ്ട്.
പൊതിയൊന്നിന് 200 രൂപനിരക്കിലാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. അതേ സമയം കലാലയങ്ങളില്‍ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നിരീക്ഷണം ഉള്ളത് മാഫിയകള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഗ്രീന്‍ ടീ ബാഗുകളില്‍ കഞ്ചാവ് നിറക്കുന്നതിനാല്‍ പരിശോധന ഫലപ്രദമാകുന്നില്ല. പത്തനംതിട്ട , കൊല്ലം എന്നിവിടങ്ങളിലുള്ള രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ഇവ ബാഗുകളിലാക്കുന്നത്. ഇടുക്കിയിലാണ് കഞ്ചാവ് പ്രധാനമായും കൃഷി ചെയ്യുന്നത്. എള്ള് കൃഷിക്കൊപ്പമാണ് ഇവ നട്ടുവളര്‍ത്തുന്നത് എള്ളിന്റെയും കഞ്ചാവിന്റെ ഇലകളള്‍ തമ്മില്‍ വലിയ വ്യത്യാസം ഇല്ലാത്തതും ഇവര്‍ക്ക് തുണയാകുന്നുണ്ട്.
കഞ്ചാവിന്റെ പൂവിനും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ഉള്ളത്. തമിഴ് നാട്ടിലാണ് കേരളത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളത്. ഇതാണ് കഞ്ചാവ് മാഫിയയെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്. ശബരിമല സീസണിലാണ് കഞ്ചാവ് കടത്ത് വ്യാപകമാകുന്നത്. തീര്‍ഥാടക വാഹനങ്ങളെന്ന വ്യാജേനയാണ് ഇത്തരത്തില്‍ ലക്ഷങ്ങളുടെ കഞ്ചാവ് കടത്തുന്നത്. ഇതിന് പുറമെ കേരളത്തില്‍ തീരദേശ ടൂറിസം മേഖലകളിലും വന്‍കിട നക്ഷത്ര ഹോട്ടലുകളിലും കഞ്ചാവ് എത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
കെ എസ് ആര്‍ ടി സി ബസുകളെയാണ് കഞ്ചാവ് കടത്തുന്നതിനായി ഏറെ ആശ്രയിക്കുന്നത്. അന്തിരീക്ഷത്തില്‍ ചൂടുകൂടിയാല്‍ കഞ്ചാവിന്റെ രൂക്ഷ ഗന്ധം വമിക്കുമെന്നതിനാല്‍ അലൂമിനിയം ഫോയില്‍ പേപ്പറുകളില്‍ പൊതിഞ്ഞശേഷം രാമച്ചം, ഇഞ്ചി എന്നിവ കൊണ്ട് ചുറ്റി കെട്ടിയാണ് ഇവ ബസുകളില്‍ കടത്തുന്നത്. രാത്രിയിലുള്ള ദീര്‍ഘ ദൂര സര്‍വീസുകളില്‍ കഞ്ചാവ് കയറ്റി അയക്കാറുണ്ടെന്ന് പിടിയിലായവര്‍ എക്‌സൈസ് സംഘത്തിന് മൊഴി കൊടുത്തിരുന്നെങ്കിലും പലപ്പോഴും പരിശോധനകള്‍ പ്രഹസനമാകാറാണ് പതിവ്.