ഇസില്‍ വിരുദ്ധ മുന്നേറ്റം: അമേരിക്ക ഇറാഖില്‍ വ്യോമാക്രമണം തുടങ്ങി

Posted on: September 17, 2014 12:45 am | Last updated: September 16, 2014 at 10:47 pm
SHARE

ബഗ്ദാദ്: ഇറാഖിലും സിറിയയിലുമുള്ള ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്ക വ്യോമാക്രമണം ആരംഭിച്ചു. തെക്കന്‍ ബഗ്ദാദില്‍ ഇന്നലെ അമേരിക്കയുടെ ജറ്റ് വിമാനങ്ങള്‍ ഇസില്‍ തീവ്രവാദികളെ ലക്ഷ്യമാക്കിയാണ് ആക്രമണം തുടങ്ങിയത്. ഇറാഖ് സൈന്യത്തിന്റെ സഹായ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇസിലിനെതിരെയുള്ള ആക്രമണം ആരംഭിച്ചതായി അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇറാഖീ സൈന്യത്തിന് സഹായമെന്ന നിലയില്‍ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ നേരിട്ട് അമേരിക്ക യുദ്ധത്തിനിറങ്ങുന്നത് ആദ്യമായാണ്. അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുക, അമേരിക്കന്‍ പൗരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുക, പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുക എന്നീ ലക്ഷ്യങ്ങളായിരുന്നു നേരത്തെ അമേരിക്കക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇസില്‍ തീവ്രവാദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇവരെ തുടച്ചു നീക്കാനും ഇതിന് വേണ്ടി ഇറാഖ് സൈന്യത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാനും അമേരിക്ക പിന്നീട് രംഗത്തെത്തുകയായിരുന്നു.
തെക്കന്‍ ബഗ്ദാദിന് പുറമെ, സിന്‍ജാര്‍ പര്‍വത നിരകളില്‍ ഇസില്‍ തീവ്രവാദികള്‍ കഴിയുന്ന കേന്ദ്രങ്ങള്‍ക്ക് നേരെയും അമേരിക്ക വ്യോമാക്രമണം നടത്തി. ഇസില്‍ തീവ്രവാദികളില്‍ നിന്നുള്ള ശക്തമായ പീഡനങ്ങള്‍ സഹിക്കാനാകാതെ ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദികള്‍ ഈ പര്‍വതത്തിലാണ് അഭയം തേടിയിരുന്നത്.
സിന്‍ജാലിലും മറ്റു സ്ഥലങ്ങളിലും അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇസില്‍ തീവ്രവാദികളുടെ ആറ് വാഹനങ്ങള്‍ തകരുകയും ഇവരുടെ തെക്കന്‍ ബഗ്ദാദിലുള്ള കേന്ദ്രങ്ങള്‍ നശിക്കുകയും ചെയ്തുവെന്ന് അമേരിക്ക അവകാശപ്പെടുന്നു.
ഇറാഖിലും സിറിയയിലും ആക്രമണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഇസിലിനെതിരെ പോരാടാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ 30ലധികം രാഷ്ട്രങ്ങള്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് വേണ്ടി കഴിഞ്ഞ ദിവസം പാരീസില്‍ വിദേശകാര്യ മന്ത്രിമാരുടെ ലോകതല സമ്മേളനം വിളിച്ചുകൂട്ടുകയും ചെയ്തിരുന്നു.