Connect with us

Articles

കരുതിയിരിക്കുക; അവര്‍ പലരെയും വിലക്കെടുത്തിട്ടുണ്ട്

Published

|

Last Updated

സമ്പൂര്‍ണ മദ്യനിരോധം ഘട്ടം ഘട്ടമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുദൃഢമായ ചുവടുവെപ്പാണ് ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ചരിത്രം ഈ തീരുമാനത്തെഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുക തന്നെ ചെയ്യും.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഇന്ത്യക്കാകെ മാതൃകയായിട്ടുള്ള നിരവധി നിയമനിര്‍മാണങ്ങളുടെ കാര്യത്തിലും ഭരണ നടപടികളിലും കേരളം മുന്‍പന്തിയിലാണ്. ഈ നേട്ടങ്ങള്‍ കൈവരിച്ച നമ്മള്‍ എങ്ങോട്ടു പോകുന്നുവെന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ട കാര്യമാണ്. നേട്ടങ്ങളുടെ പേരില്‍ അഭിമാനിച്ചിരുന്ന നാം ഇന്ന് ചില പ്രശ്‌നങ്ങളുടെ പേരില്‍ ദുഃഖിക്കേണ്ടിയിരിക്കുന്നു. അതില്‍ പ്രധാനമാണ് ലഹരിയുടെ അധിനിവേശം. അക്ഷരാര്‍ഥത്തില്‍ ഇന്ന് കേരളം ലഹരിയുടെ പിടിയിലാണ്; മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും.
പ്രതിശീര്‍ഷ മദ്യ ഉപയോഗത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ആത്മഹത്യയുടെയും വിഷാദ രോഗങ്ങളുടെയും കാര്യത്തിലും ഒന്നാമത് തന്നെ. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍, ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ലഹരിജന്യ രോഗികളുടെ ആധിക്യം, കിട്ടുന്നതിലേറെയും മദ്യശാലയില്‍ കൊടുത്ത് വെറും കൈയുമായി വീടുകളിലേക്ക് എത്തുന്ന ഗൃഹനാഥന്മാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, അതു മൂലം കുടുംബങ്ങളിലുണ്ടാകുന്ന സാമ്പത്തികത്തകര്‍ച്ച, ദാരിദ്ര്യം, കുടുംബ ശൈഥില്യം, ഗാര്‍ഹിക പീഡനങ്ങള്‍, അഭൂതപൂര്‍വമായ വിവാഹമോചനങ്ങള്‍, മാനസികവും ശാരീരികവുമായ ആരോഗ്യത്തകര്‍ച്ച, സാമൂഹിക രംഗത്ത് വളരുന്ന അരാജകാവസ്ഥ, പെരുകി വരുന്ന കുറ്റകൃത്യങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലേക്കൊക്കെ നയിക്കുന്നത് ലഹരി തന്നെയാണ്. ഈ സാമൂഹിക ദുരവസ്ഥ കണക്കിലെടുത്താണ് മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറക്കാനും അതു വഴി ഘട്ടംഘട്ടമായ മദ്യനിരോധത്തിലേക്ക് നീങ്ങാനും യു ഡി എഫ് നേരത്തെ തന്നെ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കെ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി യു ഡി എഫ് കണ്‍വീനറുമായിരുന്ന കാലത്ത് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടും ഇതിനാധാരമായി.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1992ല്‍ ബാറുകള്‍ക്ക് ടു സ്റ്റാര്‍ നിബന്ധന ഏര്‍പ്പെടുത്തി. 96ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചാരായം നിരോധിച്ചതും യു ഡി എഫ് തുടര്‍നടപടികളുടെ ഭാഗമായിരുന്നു. ആന്റണിയെത്തുടര്‍ന്ന് 2004ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി വന്നപ്പോള്‍ കള്ളിന്റെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ ഷാപ്പുകളുടെ എണ്ണം ക്രമപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായി ഷാപ്പുകളുടെ എണ്ണം ഗണ്യമായി കുറച്ചു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാരുകളാകട്ടെ ഇക്കാര്യത്തില്‍ തികഞ്ഞ ഉദാസീനതയാണ് പ്രകടിപ്പിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു ഡി എഫ് പിന്തുടര്‍ന്നു വന്ന നയത്തിന്റെയും തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെയും അടിസ്ഥാനത്തില്‍ വ്യക്തമായ മദ്യനയത്തിന് രൂപം കൊടുത്തു. അതനുസരിച്ച് 31.3.2012 വരെ ത്രീ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് തുടരുമെന്നും 1. 4. 2012 മുതല്‍ ഫോര്‍ സ്റ്റാറും അതിനു മുകളിലും പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്നും 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ മിനിമം 25 മുറികളും ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷനും ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികള്‍ തുടരവെ, നിലവാരമില്ലാത്തതും നിയമലംഘനം നടത്തിയതുമായ 418 ബാറുകളെ സംബന്ധിച്ച് സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്നതും തുടര്‍ന്ന് സുപ്രീം കോടതി പരാമര്‍ശത്തിനിടയാക്കിയതും സുപ്രധാന വഴിത്തിരിവായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് ഈ വര്‍ഷത്തെ മദ്യനയം സംബന്ധിച്ച് വളരെയേറെ ചര്‍ച്ചകളും സംവാദങ്ങളും നടന്നു. ഇതുപോലെ കേരളീയ പൊതുസമൂഹംചര്‍ച്ച ചെയ്ത വിഷയം വേറെയുണ്ടാകില്ല. നാലഞ്ച് മാസം തന്നെ ചര്‍ച്ചകള്‍ നീണ്ടു. അതുകൊണ്ടുതന്നെ 418 ബാറുകള്‍ അടഞ്ഞുകിടന്നതിന്റെ ഗുണഫലം വിലയിരുത്താന്‍ സമൂഹത്തിന് അവസരം കിട്ടി.
വിസ്മയാവഹമായ മാറ്റത്തിനാണ് ഇക്കാലത്ത് കേരളം സാക്ഷ്യം വഹിച്ചത്. മദ്യത്തിന്റെ ഉപഭോഗം ഗണ്യമായി കുറഞ്ഞു എന്നത് ബെവ്‌റേജസ് കോര്‍പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 418 ബാറുകള്‍ അടച്ചതിന് മുമ്പുള്ള നാല് മാസത്തെയും അതിനു ശേഷമുള്ള നാല് മാസത്തെയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ വിദേശ മദ്യത്തിന്റെ അളവില്‍ 21,97,232 ലിറ്ററും ബിയറിന്റെ അളവില്‍ 55,32,254 ലിറ്ററും കുറവുണ്ടായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ സമര്‍പ്പിച്ച കണക്കനുസരിച്ച് 2014 ജൂണ്‍ വരെ മദ്യം മൂലമുള്ള സംഘട്ടനങ്ങളില്‍ 36 ശതമാനത്തിന്റെയും ഗാര്‍ഹിക പീഡനങ്ങളില്‍ 31 ശതമാനത്തിന്റെയും കുറവുണ്ടായി.വാഹനാപകടങ്ങള്‍ 27 ശതമാനം കുറഞ്ഞതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നമ്മുടെ ആശുപത്രികളില്‍ ഇക്കാലത്ത് സംഭവിച്ച മാറ്റത്തെക്കുറിച്ച് എന്നോട് തന്നെ പലരും സൂചിപ്പിച്ചിട്ടുണ്ട്. വഴിയോരങ്ങളില്‍ മദ്യപിച്ചുകിടക്കുന്നവരുടെ എണ്ണം കുറഞ്ഞു. പൊതു സ്ഥലങ്ങളിലും പൊതു വാഹനങ്ങളിലുംസ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ കുറഞ്ഞതായി നിരവധി പേര്‍ പറഞ്ഞിട്ടുണ്ട്. കുടുംബാന്തരീക്ഷത്തില്‍ വന്ന മാറ്റവും ശ്രദ്ധേയമാണ്. ഗൃഹനാഥന്മാരില്‍ ഭൂരിപക്ഷവും യഥാസമയം ജോലി കഴിഞ്ഞ് വീട്ടില്‍ വരുന്നു, വരുമാനത്തിന്റെ നല്ലൊരു ഭാഗം വീട്ടാവശ്യങ്ങള്‍ക്കായി ചെലവാക്കുന്നു. സാമ്പത്തിക ദുരവസ്ഥയില്‍ നിന്നും കുടുംബങ്ങള്‍ക്കുണ്ടായ ആശ്വാസവും എടുത്ത് പറയേണ്ടതാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പോലും ഈ മാറ്റം കാണാവുന്നതാണ്. ഇതെല്ലാം ആര്‍ക്കും നിഷേധിക്കാനാകാത്ത കാര്യങ്ങളാണ്.
അടച്ചുപൂട്ടിയ 418 ബാറുകള്‍ ഇനി തുറക്കരുതെന്ന ജനാഭിപ്രായം ശക്തമായി ഉയര്‍ന്നുവന്നു. ആ പൊതുവികാരം കണക്കിലെടുത്താണ് പൂട്ടിയ 418 ബാറുകള്‍ക്കു പുറമേ നിലവില്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടാനുംഡ്രൈ ഡേകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രതിവര്‍ഷം 10 ശതമാനം ബെവ്‌റേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ നിര്‍ത്തലാക്കാനും മുഖ്യമന്ത്രി നടപടി സ്വീകരിച്ചത്. മദ്യോപയോഗത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കേരള സമൂഹം രണ്ട് കൈയും നീട്ടിയാണ് ഈ നടപടികളെ സ്വാഗതം ചെയ്തത്. നയപയമായ തീരുമാനം എടുക്കാനുള്ള സര്‍ക്കാറിന്റെ അധികാരത്തെ ഹൈക്കോടതിയും അംഗീകരിച്ചു. എന്നാല്‍ ബാറുടമകളുടെ അപ്പീലിനെത്തുടര്‍ന്ന് വീണ്ടും ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനക്കായി സുപ്രീം കോടതി വിട്ടിരിക്കയാണ്. സര്‍ക്കാറിന്റെ നയപരമായ ഈ തീരുമാനം ഒരു ദിവസം കൊണ്ട് എടുത്തതല്ല. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന നയത്തിന്റെ ഭാഗമാണിത്. നയങ്ങള്‍ രൂപവത്കരിക്കുക എന്നത് സര്‍ക്കാറിന്റെ അവകാശമാണ്. ഇത് ഹൈക്കോടതി അംഗീകരിച്ചതുമാണ്. ഇക്കാര്യം കോടതിയെ ഇനിയും ബോധിപ്പിക്കാമെന്ന ആത്മവിശ്വാസവുമുണ്ട്.
നമ്മുടെ ഭരണഘടനയുടെ 47-ാം അനുച്ഛേദം ഹാനികരമായ ലഹരിപദാര്‍ഥങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം തടയാന്‍ നിര്‍ദേശിക്കുന്നുണ്ട്. മദ്യനയത്തിന് രൂപം കൊടുക്കുകയെന്നത് സര്‍ക്കാറിന്റെ പ്രിവിലേജ് ആണ്. സര്‍ക്കാര്‍ രൂപം നല്‍കുന്ന മദ്യനയം എന്തായാലും അത് അംഗീകരിക്കാനുള്ള ബാധ്യത ബാറുകള്‍ നടത്തുന്നവര്‍ക്കുണ്ട്. കര്‍ണാടക സര്‍ക്കാറിനെതിരെ 1996ല്‍ ഖോഡേ ഡിസ്റ്റിലറീസ് നല്‍കിയ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഇക്കാര്യം സംശയലേശമെന്യേ വ്യക്തമാക്കിയിട്ടുണ്ട്. ( ഈ കേസില്‍ കേരളവും ആന്ധ്രാ പ്രദേശും കക്ഷി ചേര്‍ന്നിരുന്നു.) കോടതിവിധിയില്‍, മദ്യ വ്യാപാരം ഒരു മൗലികാവകാശമല്ലെന്നും മദ്യവ്യാപാരംഅനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാനുള്ള പ്രത്യേകാധികാരമുണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്.
ഭരണഘടനയും സുപ്രീം കോടതിയും ഇത്രയേറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കെ, വിവേചനമെന്ന സാങ്കേതികത്വമുയര്‍ത്തിക്കാട്ടി ജനങ്ങള്‍ അംഗീകരിച്ച നയത്തിനെതിരെ വാദമുയര്‍ത്താനാണ് തത്പരകക്ഷികള്‍ ശ്രമിക്കുന്നത്. ജനജീവിതമാണോ അതോ സാങ്കേതികത്വമാണോ വലുത്? ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെട്ട രീതിയില്‍ കൊണ്ടുപോകുന്നതിനുള്ള സര്‍ക്കാറിന്റെ നല്ല നടപടി ഒരു കാരണവശാലും തടസ്സപ്പെടാതിരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തമ താത്പര്യത്തിന് അത്യന്താപേക്ഷിതമാണ്. ജനതാത്പര്യത്തെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നത് കടുത്ത അനീതിയാണ്.
മദ്യലഭ്യത ഇല്ലാതായാല്‍ ടൂറിസവും ടൂറിസം വ്യവസായവും ഇല്ലാതാകുമെന്നും കേരളം ഒറ്റപ്പെടും എന്നുമുള്ള വാദങ്ങള്‍ സ്ഥാപിത താത്പര്യക്കാരില്‍ നിന്ന് ഉയരുന്നുണ്ട്. നമ്മുടെ നാടും കായലും പുഴകളും പ്രകൃതിസൗന്ദര്യവും ആസ്വദിക്കാനാണ് സഞ്ചാരികള്‍ വരുന്നത്. അല്ലാതെ ഇവിടുത്തെ മദ്യം കഴിക്കുക എന്ന ലക്ഷ്യത്തോടെയല്ല. അതോടൊപ്പം കേരളത്തിന്റെ പൈതൃകവും സംസ്‌കാരവുംഅറിയാനും വരുന്നവര്‍ നിരവധിയാണ്.ആയുര്‍വേദ ചികില്‍സ തേടിവരുന്നവരുടെ എണ്ണം കുറവാണോ? ആയുര്‍വേദ ചികില്‍സക്ക് വിധേയരാകുന്നവര്‍ക്ക് മദ്യം നിഷിദ്ധമല്ലേ? കേരളത്തില്‍ ടൂറിസ്റ്റുകള്‍ വരുന്നതിന് തടസ്സമായി നില്‍ക്കുന്നത് കേരളത്തില്‍ പെരുകിവരുന്ന അക്രമങ്ങളാണ്. വിദേശികളായ സ്ത്രീകള്‍ എത്രയോ തവണ മദ്യലഹരിയിലമര്‍ന്നവരുടെ പീഡനത്തിനിരയായി. ഇത് നേരിടുന്നവര്‍ അവരുടെ നാട്ടില്‍ നല്‍കുന്ന സന്ദേശമെന്തായിരിക്കും? ഐ ടി രംഗത്ത് ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍മദ്യലഹരിയിലാണ് ജോലി ചെയ്യുന്നതെന്ന് പറയുന്നത് അവരെ അപമാനിക്കലാണ്. അവരുടെ മാനസികവും കായികവുമായ പ്രവര്‍ത്തനക്ഷമതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പ്രവര്‍ത്തനക്ഷമതയിലെ കുറവ്, പ്രവൃത്തിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പ്രവണത, തൊഴിലിടങ്ങളിലെ അപകടം, തൊഴില്‍ അന്തരീക്ഷത്തിലെ അസ്വസ്ഥത, തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ എന്നിവക്ക് കാരണം മദ്യമാണെന്നത് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ തീരുമാനം ദേശീയ, അന്തര്‍ദേശീയ മദ്യക്കുത്തകകളെ ഞെട്ടിച്ചിരിക്കുകയാണ്. “ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ആള്‍ക്കഹോള്‍ പോളിസീസ്” (I C A P) ലോക മദ്യക്കുത്തകകളുടെ പൊതുവേദിയാണ്. ലോകാരോഗ്യ സംഘടനയുടെ ലഹരിവിരുദ്ധ വിഭാഗത്തിന്റെ തലവനായിരുന്ന വ്യക്തിയെത്തന്നെ ഈ സംഘടനയുടെ നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നു എന്നത് വളരെ വിചിത്രമായിരിക്കുന്നു. കേരള സര്‍ക്കാറിന്റെ തീരുമാനത്തില്‍ പരിഭ്രമിച്ച അവര്‍ ഇന്ത്യയിലും കേരളത്തിലും മദ്യനിരോധ ശ്രമം വിജയിക്കില്ലെന്ന പ്രചാരണം നടത്തിവരികയാണ്. സമൂഹത്തിന്റെ പല തലങ്ങളില്‍പ്പെട്ടവരെയും അവര്‍ വിലക്കെടുത്തിരിക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തെ ദുര്‍ബലമാക്കുന്ന തരത്തില്‍ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പ്രചാരവേലകള്‍ക്കു പിന്നില്‍ ഇത്തരം ശക്തികളുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളുടെ പേരില്‍ വ്യാപകമായി പ്രചാരണം നടത്തുന്നതിനുള്ള സ്‌പോണ്‍സേഡ് പരിപാടിയും സജീവമായിരിക്കുന്നു. മദ്യനിരോധം ഒരിക്കലും വിജയിക്കില്ല എന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള ഇക്കൂട്ടരുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും മുന്നോട്ടുപോകുകയെന്നതാണ് ഇത് മറികടക്കാനുള്ള മാര്‍ഗം.
418 ബാറുകള്‍ അടച്ചതുമൂലം മദ്യദുരന്തം ഉണ്ടാക്കാനുള്ള മദ്യലോബിയുടെ നീക്കം പോലീസ്, എക്‌സൈസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം മൂലമാണ് തടയാനായത്. അത് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. മദ്യനയം സംബന്ധിച്ച ഇപ്പോഴത്തെ തീരുമാനം നടപ്പിലാക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. അപ്പോഴേക്കും ഈ നയത്തിന്റെ ഭാഗമായി സര്‍ക്കാറിന്റെ ധനാഗമ മാര്‍ഗങ്ങള്‍ അടഞ്ഞുപോയി, സര്‍വവികസനപ്രവര്‍ത്തനങ്ങളും നിലച്ചുപോയി, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നു, നിയമനനിരോധം വരാന്‍ പോകുന്നു തുടങ്ങിയ തരത്തിലുള്ള പ്രചാരണം ശക്തമാണ്. മദ്യനിരോധം മൂലമുണ്ടാകുന്ന വരുമാനക്കുറവ് കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മദ്യ ഉപയോഗം സമൂഹത്തിനും കുടുംബങ്ങള്‍ക്കും സര്‍ക്കാറിനും ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം മദ്യത്തില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ എത്രയോ ഇരട്ടിയാണ്. മദ്യത്തില്‍ നിന്നുള്ള വരുമാനം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടും ഇതു സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനും മദ്യനയം പാളിപ്പോയി എന്നുവരുത്തിത്തീര്‍ക്കാനും മദ്യലോബികളും അവരുടെ പ്രചരണസംഘവും നടത്തുന്ന കുപ്രചരണങ്ങളില്‍ ആരും വീണുപോകരുതെന്നാണ് എന്റെ അഭ്യര്‍ഥന.

Latest