ശ്രീകൃഷ്ണ ജയന്തി: ശോഭ യാത്ര നടത്തി

Posted on: September 16, 2014 12:41 am | Last updated: September 16, 2014 at 12:41 am
SHARE

കല്‍പ്പറ്റ: നാടും നഗരവും അമ്പാടിയാക്കി ജില്ലയിലെങ്ങും ശോഭയാത്ര. മഞ്ഞപട്ടുടുത്ത് പീലിത്തിരുമുടിയും ചെഞ്ചുണ്ടില്‍ മന്ദഹാസവും ഓടക്കുഴലുമായി നീലകാര്‍വര്‍ണ്ണന്‍മാരും ഗോപികാ-കുചേലന്മാരും ഗ്രാമവീഥിയില്‍ നിറഞ്ഞാടി. ഇന്നലെ രാവിലെ പത്ത് മണിയോടെ ആരംഭിച്ച ശോഭായാത്രകള്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് പര്യവസാനിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നുള്ള ചെറുശോഭായാത്രകള്‍ നഗരപ്രദക്ഷിണം നടത്തി മഹാശോഭായാത്രയായി മാറുകയായിരുന്നു.
പുരാണ-ഇതിഹാസങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളാലും ശ്രീകൃഷ്ണ സങ്കീര്‍ത്തനങ്ങളാലും നഗരവീഥികള്‍ പുളകിതമായി. ആയിരക്കണക്കിന് ബാലികാ-ബാലന്മാരും അമ്മമാരും അനുഭാവികളുമാണ് ജില്ലയില്‍ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ നടന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളില്‍ പങ്കാളിയായത്. കല്‍പ്പറ്റ പന്തിമൂല ഭഗവതി ക്കാവില്‍ നിന്നും ആരംഭിച്ച ശോഭായയാത്രക്ക് കൈനാട്ടി അമൃതാനന്ദമയി ആശുപത്രിയിലെ ഡോക്ടര്‍ സജ്ഞയ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മടിയൂര്‍ക്കുനി, മണിയങ്കോട്, പുളിയാര്‍മല, അമ്പിലേരി, അത്തിമൂല, വെങ്ങപ്പള്ളി, റാട്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കല്‍പ്പറ്റ പന്തിമൂല ഭഗവതി ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് അയ്യപ്പക്ഷേത്രത്തില്‍ സമാപിച്ചു.