Connect with us

Gulf

കൂടുതല്‍ സൗകര്യങ്ങള്‍; നല്ല കാലാവസ്ഥ

Published

|

Last Updated

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള ഹജ്ജ് സംഘങ്ങള്‍ വിശുദ്ധ ഭൂമിയിലെത്തിത്തുടങ്ങി. സഊദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനങ്ങളില്‍ രണ്ട് ദിവസങ്ങളിലായി എഴുനൂറ് പേര്‍ മക്കയിലെത്തി. ഞായറാഴ്ച രാത്രി പ്രാദേശിക സമയം എട്ടരക്ക് ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ആദ്യ സംഘത്തെ വിവിധ സംഘടനാ ഭാരവാഹികളും ഹജ്ജ് വളണ്ടിയര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. രാത്രി വൈകി മക്കയിലെത്തിയ തീര്‍ഥാടകരെ അവിടെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മിസ്ഫലയിലാണ് ആദ്യ സംഘത്തില്‍ വന്ന ഹാജിമാര്‍ താമസിക്കുന്നത്.
164 പുരുഷന്‍മാരും 184 സ്ത്രീകളും രണ്ട് വളണ്ടിയര്‍മാരുമടക്കം 350 പേരായിരുന്നു ആദ്യ വിമാനത്തിലുണ്ടായിരുന്നത്. സഊദിയുടെ എസ് വി 5123 വിമാനം 350 പേരടങ്ങുന്ന രണ്ടാം സംഘവുമായി തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് ജിദ്ദയിലിറങ്ങി. ചൊവ്വാഴ്ച രണ്ട് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. സഊദി സമയം ഉച്ച തിരിഞ്ഞ് 3.30നും രാത്രി എട്ട് മണിക്കുമാണ് ഷെഡ്യൂള്‍ പ്രകാരം ജിദ്ദയിലെത്തുന്ന സമയം. സംസ്ഥാനത്തു നിന്നുള്ള തീര്‍ഥാടകരെ കൊണ്ടുവരുന്നതിനുള്ള ചുമതല സഊദി എയര്‍ലൈന്‍സിനാണ്.
ഈ മാസം 28 വരെ പത്തൊമ്പത് സര്‍വീസുകളാണ് സഊദി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 6,522 പേരാണ് ഹജ്ജിനെത്തുന്നത്.
കേരളത്തില്‍ നിന്നുള്ള എസ് വൈ എസ്, മര്‍കസ് ഗ്രൂപ്പുകളിലെ മുഴുവന്‍ തീര്‍ഥാടകരും ഞായറാഴ്ച രാത്രിയോടെ മക്കയിലെത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഹറമിനടുത്ത് അജ്‌യാദിലെ അല്‍ ഒലയാന്‍ ഹോട്ടലിലാണ് ഇവരുടെ താമസം.
സാമാന്യം നല്ല ചൂട് അനുഭവപ്പെട്ടിരുന്ന മക്കയില്‍ ഇപ്പോള്‍ ചൂട് കുറഞ്ഞിട്ടുണ്ട്. ഹജ്ജ് ദിനങ്ങളില്‍ നല്ല കാലാവസ്ഥയായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കിംഗ് അബ്ദുല്ല ഹറം വികസന പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ 1,67,784 ചതുരശ്ര മീറ്റര്‍ സ്ഥലം ഈ വര്‍ഷത്തെ ഹജ്ജിന് തുറന്നു കൊടുക്കുമെന്ന് ഹറം കാര്യ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. വടക്കു ഭാഗത്തെ മുറ്റവും തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുത്താനാകും. മതാഫ് വികസനത്തിന്റെ ഒന്നാം ഘട്ടം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സഫാ മുതല്‍ ഫതഹ് കവാടം വരെയുള്ള ഭാഗങ്ങളും ഈ വര്‍ഷം തുറന്നു കൊടുക്കാനാകും. ഉംറാ ഗേറ്റ് വരെയുള്ള രണ്ടാം ഘട്ടം ജോലികള്‍ നടക്കുന്ന ഭാഗങ്ങളില്‍ ബേസ്‌മെന്റ് ഫ്‌ളോറും ഒന്നാം നിലയും ഇതുപോലെ തീര്‍ഥാടകര്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിക്കുമെന്ന് സുദൈസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

---- facebook comment plugin here -----