Connect with us

Kasargod

മലയോര പ്രദേശങ്ങളില്‍ നായാട്ട് സംഘം സജീവം; സമാന്തര ബാറുകളിലേക്ക് ഇറച്ചി വില്‍പ്പന

Published

|

Last Updated

വെള്ളരിക്കുണ്ട്: മലയോര പ്രദേശങ്ങളില്‍ നായാട്ട് സംഘം സജീവമാകുന്നു. വെള്ളരിക്കുണ്ട്, പരപ്പ, പ്രതിഭാനഗര്‍, അരിങ്കല്ല്, ബളാല്‍, കൊന്നക്കാട്, ചിറ്റാരിക്കാല്‍, പാണത്തൂര്‍, മാലോം, രാജപുരം, കള്ളാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നായാട്ട് സംഘം സൈ്വര്യവിഹാരം നടത്തുന്നത്.
കാട്ടുമൃഗങ്ങളെ വേട്ടയാടി പിടിച്ച് ഇറച്ചി രഹസ്യമായി വില്‍പ്പന നടത്തുകയും ലക്ഷങ്ങള്‍ സമ്പാദിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ വ്യക്തമായ വിവരം ലഭിച്ചിട്ടും വനപാലകരുടെ ഭാഗത്ത് നിന്നും കാര്യമായ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. മലയോര പ്രദേശങ്ങളിലെ സമാന്തര ബാറുകളിലേക്ക് നായാടി പിടിക്കുന്ന മൃഗങ്ങളുടെ ഇറച്ചി രഹസ്യമായി വില്‍പ്പന നടത്തുന്നുണ്ട്.
കാട്ടുപന്നി, മുയല്‍, മാന്‍, അണ്ണാന്‍ തുടങ്ങിയവയുടെ ഇറച്ചിക്ക് ഏറെ പ്രിയമാണുള്ളത്. രുചികരമായ കാട്ടിറച്ചി വിഭവങ്ങള്‍ ലഭിക്കുന്നതിനാല്‍ സമാന്തര ബാറുകളിലേക്ക് മദ്യപാനികളുടെ ഒഴുക്ക് വര്‍ധിക്കുകയാണ്.
വാങ്ങുന്ന ഇറച്ചി പാകം ചെയ്തശേഷം മദ്യപാനികള്‍ക്ക് നല്‍കി ഇരട്ടിയിലേറെ തുക സമാന്തര ബാറുകാര്‍ സമ്പാദിക്കുന്നു. ഇതിനു പുറമെ പല സ്വകാര്യ വ്യക്തികളും നായാട്ടുകാരില്‍ നിന്നും ഇറച്ചി വാങ്ങുന്നു. മലയോര പ്രദേശങ്ങളിലെ വനാന്തരങ്ങളില്‍ നിന്നും മൃഗങ്ങളെ വേട്ടയാടിപ്പിടിക്കുന്ന സംഘങ്ങളെ പിടികൂടാന്‍ ഫോറസ്റ്റ് അധികൃതര്‍ താത്പര്യം കാണിക്കുന്നില്ലെന്ന് മലയോര വാസികള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. വംശനാശം വരുന്ന അപൂര്‍വ മൃഗങ്ങളെപ്പോലും വേട്ടയാടിപ്പിടിക്കുന്നു.
ഉത്സവ നാളുകളില്‍ വ്യാപകമാകുന്ന നായാട്ടിനു പുറമെയാണ് ഇത്തരത്തിലുള്ള മൃഗവേട്ടകള്‍. അനധികൃത നായാട്ടിന് നാടന്‍ കള്ളത്തോക്കുകളും ഉപയോഗിക്കുന്നുണ്ട്.
ഇത്തരം തോക്കുകള്‍ നിര്‍മിച്ചു കൊടുക്കുന്നതിനായി മലയോരത്തെ വിവിധ ഭാഗങ്ങളില്‍ ഗൂഡസംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണ്.

 

Latest