Connect with us

Gulf

രാജ്യത്തെ മുഴുവന്‍ വൈദ്യുതി കേബിളുകളും ഭൂമിക്കടിയിലൂടെയാക്കുമെന്ന് ഫിവ

Published

|

Last Updated

അബുദാബി: രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ മുഴുവന്‍ വൈദ്യുതി കേബിളുകളും ഭൂമിക്കടിയിലൂടെയാക്കാന്‍ പദ്ധതിയുണ്ടെന്ന് ഫെഡറല്‍ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി (ഫിവ) അധികൃതര്‍.
പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ്, പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പ്രത്യേക നിര്‍ദേശ പ്രകാരം, നിലവില്‍ മുകളിലൂടെയുള്ള വൈദ്യുതി കേബിളുകള്‍ ഭൂമിക്കടിയിലൂടെയാക്കാന്‍ ഫിവ ഒരുങ്ങുന്നത്. അന്തരീക്ഷ ഈര്‍പ്പം, മഴ, കാറ്റ് ഉയര്‍ന്ന താപനില തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും ഇതുപകരിക്കുമെന്ന് ഫിവ പ്രതീക്ഷിക്കുന്നു.
റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ മിക്ക സ്ഥലങ്ങളിലെയും കേബിളുകള്‍ ഭൂമിക്കടിയിലൂടെയാക്കിക്കഴിഞ്ഞു. നിലവില്‍ മുകളിലൂടെ പോകുന്ന കേബിളുകള്‍ ഭൂമിക്കടിയിലൂടെയാക്കുന്നതോടെ ധാരാളം ഭൂ പ്രദേശങ്ങള്‍ വീടുനിര്‍മാണങ്ങള്‍ക്കും വ്യാവസായിക സംരംഭങ്ങള്‍ക്കും ലഭിക്കുമെന്നും ഫിവ കണക്കുകൂട്ടുന്നു.
ഇതിനെല്ലാം പുറമെ മുകളിലൂടെ പോകുന്ന കേബിളുകളിലൂടെ വൈദ്യുതി പ്രസരിക്കുമ്പോള്‍ ഉണ്ടായേക്കാനിടയുള്ള സാങ്കേതിക തകരാറുകള്‍, ഭൂമിക്കടിയിലൂടെയാകുമ്പോള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി ഫിവ 230 കോടി ദിര്‍ഹം നീക്കിവെച്ചതായും അധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിച്ചതായും ഫിവ അറിയിച്ചു. 270 കോടിയോളം ദിര്‍ഹമാണ് കഴിഞ്ഞ രണ്ടു ഘട്ടങ്ങള്‍ക്കായി ഫിവ ചിലവഴിച്ചത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ജല-വൈദ്യുത ഉത്പാദന സേവന മേഖലയില്‍ വന്‍ കുതിച്ചുചാട്ടം നടക്കുമെന്നും ഫിവ അധികൃതര്‍ വെളിപ്പെടുത്തി.

---- facebook comment plugin here -----