നിരോധിത കീടനാശിനി ഉപയോഗത്തിനെതിരെ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വീണ്ടും

Posted on: September 15, 2014 9:39 pm | Last updated: September 15, 2014 at 9:39 pm
SHARE

അബുദാബി; രാജ്യത്ത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിരോധനം നിലനില്‍ക്കുന്ന മാരക കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫെയ്ഡിനെതിരെ ജല-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. താമസ കേന്ദ്രങ്ങളില്‍ മൂട്ട ഉള്‍പ്പെടെയുള്ള കീടങ്ങള്‍ക്കെതിരായി പലരും ഇപ്പോഴും അലൂമിനിയം ഫോസ്‌ഫെയ്ഡ് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അതിമാരകമായ രാസവസ്തുവാണ് അലുമിനിയം ഫോസ്‌ഫെയ്ഡില്‍ അടങ്ങിയിരിക്കുന്നതെന്ന് ജല-പരിസ്ഥിതി മന്ത്രാലയത്തിലെ രാസവസ്തു വിഭാഗം ഡയറക്ടര്‍ ഉത്തൈബ അല്‍ഖയാദി വ്യക്തമാക്കി. പൊതികളില്‍ നിന്ന് പുറത്തെടുക്കുന്നതോടെ ഖരാവസ്ഥയില്‍ നിന്നു വാതകാവസ്ഥയിലേക്ക് മാറുന്ന ഈ രാസവസ്തു മനുഷ്യ ജീവന് ഭീഷണിയാണ്. ഇത് ശ്വസിക്കുന്നതോടെ മരണം ഏറെക്കുറെ ഉറപ്പാണെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യക്തിഗത ഉപയോഗവുമായി ബന്ധപ്പെട്ട് അലൂമിനിയം ഫോസ്‌ഫെയ്ഡ് രാജ്യത്ത് നിരോധിച്ചതാണ്. താമസകേന്ദ്രങ്ങളിലോ വാണിജ്യ സ്ഥാപനങ്ങളിലോ കീടനിയന്ത്രണത്തിനായി ഇവ ഉപയോഗിക്കുന്നത് കടുത്ത നിയമ ലംഘനമാണ്.
1992ലെ 41-ാം നമ്പര്‍ ഫെഡറല്‍ നിയമ പ്രകാരം ആരെങ്കിലും ഈ രാസവസ്തു ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത് ആറു മാസം തടവാണ് ശിക്ഷ. 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ഇവര്‍ക്കെതിരെ ചുമത്താന്‍ ഫെഡറല്‍ നിയമം അനുശാസിക്കുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്താവും തടവ് ദീര്‍ഘിപ്പിക്കുക. നിയമത്തിലെ 342, 343 അനുച്ഛേദങ്ങളിലാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവര്‍ക്കെതിരെ എത്ര തുകയാണ് പിഴയായി വിധിക്കേണ്ടതെന്ന് വിശദീകരിച്ചിരിക്കുന്നത്.
രാജ്യത്ത് ഇത്തരം നിരോധിത കീടനാശിനികള്‍ എത്താതിരിക്കാന്‍ ജല-പരിസ്ഥിതി മന്ത്രാലയം കസ്റ്റംസ്, പോലീസ്, പ്രദേശിക സര്‍ക്കാറുകള്‍ എന്നിവയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചുവരികയാണ്. ആരോഗ്യ മന്ത്രാലയവുമായും നിരോധിത കീടനാശിനികള്‍ രാജ്യത്ത് എത്തുന്നത് തടയാന്‍ മന്ത്രാലയം സഹകരിക്കുന്നുണ്ട്. ഇത്തരം കീടനാശിനി ഉപയോഗം മൂലം സംഭവിക്കുന്ന മരണങ്ങളും അപകടങ്ങളുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തില്‍ നിന്നു ശേഖരിക്കാറുണ്ട്.
തദ്ദേശീയമായ നഗരസഭകളുടെ അംഗീകാരമില്ലാത്ത യാതൊരു കീടനാശിനിയും പൊതുജനം ഉപയോഗിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.