Connect with us

Editors Pick

നിരപരാധികളായ ഫലസ്തീനികളെ പീഡിപ്പിക്കുന്നതിനെ വിമര്‍ശിച്ച് 43 ഇസ്‌റാഈല്‍ സൈനികര്‍

Published

|

Last Updated

ജറൂസലം: നിരപരാധികളായ ഫലസ്തീനികളുടെ മേല്‍ വ്യാജ ആരോപണങ്ങള്‍ ചുമത്തി പീഡിപ്പിക്കുന്ന ഇസ്‌റാഈല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് അതേ സംഘത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന 43 സൈനികര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു കത്തിലാണ് ഇസ്‌റാഈലിന്റെ ഹീനമായ ഈ നടപടിയില്‍ ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി, സായുധ സേനയുടെ മേധാവി, ചാരസംഘടനാ മേധാവി എന്നിവരെ അഭിസംബോധന ചെയ്താണ് ഇവര്‍ കത്തെഴുതിയിരിക്കുന്നത്. ഇതിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും ഇവര്‍ അയച്ചു നല്‍കിയിട്ടുണ്ട്. ഒരു കേസിലും ഉള്‍പ്പെടാത്ത നിരപരാധികളായ ഫലസ്തീനികള്‍ക്ക് മേല്‍ പോലും നിര്‍ബന്ധിച്ച് ഇസ്‌റാഈലിന്റെ ഇന്റലിജന്‍സ് വിഭാഗം കുറ്റം കെട്ടിവെക്കുകയാണെന്ന് കത്തില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ഹീനമായ പ്രവൃത്തികളില്‍ തങ്ങള്‍ ഭാവിയില്‍ ഭാഗഭാക്കാകില്ല. ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്ന ഫലസ്തീനികള്‍ക്കിടയിലും നിരപരാധികളായ ഫലസ്തീനികള്‍ക്കിടയിലും ഇപ്പോള്‍ ഒരു വേര്‍തിരിവുമില്ല. ഇന്റലിജന്‍സ് വിഭാഗം ശേഖരിക്കുന്ന ഇത്തരം വിവരങ്ങള്‍ നിരപരാധികളെ വേട്ടയാടുകയാണ്. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ് ഇത്തരം പ്രവൃത്തികള്‍ ഇസ്‌റാഈല്‍ രഹസ്യാന്വേഷണ വിഭാഗം നടത്തുന്നത്. അതുപോലെ ഫലസ്തീനികള്‍ക്കിടയില്‍ തന്നെ വിഭാഗീയത സൃഷ്ടിക്കലും ഇതിന്റെ ലക്ഷ്യമാണ്. ഇത് വഴി ഒരു വിഭാഗം ഫലസ്തീനികളെ ഫലസ്തീനികള്‍ക്കെതിരായി നീങ്ങാന്‍ പ്രേരണ നല്‍കുന്നു. ഇപ്പോള്‍ റിസര്‍വിസ്റ്റുകളായി കഴിയുന്ന തങ്ങളില്‍പ്പെട്ടവര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുകയാണ്. ഇന്റലിജന്‍സ് വിഭാഗത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരും ഭാവിയില്‍ ഈ വിഭാഗത്തില്‍ എത്തിച്ചേരുന്നവരും ഇത്തരം അനീതികള്‍ക്കെതിരെ ഉറക്കെ ശബ്ദിക്കുകയും ഇതിന് ഒരു അറുതി വരുത്തുകയും വേണം. രാത്രി തങ്ങളില്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ് കൊണ്ടുതന്നെയാണ് കത്തില്‍ തങ്ങള്‍ ഒപ്പ് വെക്കുന്നത്. കത്തില്‍ മുന്‍ സൈനികര്‍ ചൂണ്ടിക്കാട്ടുന്നു.
നിരപരാധികളായ ഫലസ്തീനികള്‍ക്കെതിരെ സംഘടിതമായി നാല് ഭാഗത്തുനിന്നും ആക്രമണം നടത്തിയതിന്റെ പേരില്‍ ഇസ്‌റാഈല്‍ യുദ്ധക്കുറ്റ ഭീഷണിയുടെ നിഴലിലാണ്. അന്താരാഷ്ട്ര മനുഷ്യവകാശ നിരീക്ഷണ സംഘം, ഫലസ്തീനില്‍ ഇസ്‌റാഈല്‍ യുദ്ധക്കുറ്റം ചെയ്തതായും വ്യക്തമാക്കിയിരുന്നു.
അതേസമയം കത്തിനെ സംബന്ധിച്ച് റിസര്‍വ് ബ്രിഗേഡിയര്‍ ജനറല്‍ ഹനാന്‍ ജെഫാന്‍ വളരെ വൈകാരിമായാണ് പ്രതികരിച്ചത്. ഈ കത്ത് സംബന്ധിച്ച വിവരം യാഥാര്‍ഥ്യമാണെങ്കില്‍ കത്തെഴുതിയവരെ മുഴുവന്‍ താന്‍ വിചാരണ ചെയ്യുമെന്നും ഇവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാന്‍ ശിപാര്‍ശ ചെയ്യുമെന്നും ഒരു പത്രത്തിന് നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.