അമേരിക്ക രാജ്യങ്ങളുടെ പരമാധികാരം തകര്‍ക്കുന്നു: ഇറാന്‍

Posted on: September 13, 2014 11:28 pm | Last updated: September 13, 2014 at 11:28 pm
SHARE

iranടെഹറാന്‍: ഇറാഖിലും സിറിയയിലും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ അമേരിക്ക രാജ്യങ്ങളുടെ പരമാധികാരം തകര്‍ക്കുന്നുവെന്ന് ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ശംഖാനി. തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ഏകപക്ഷീയമായ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചും രാജ്യങ്ങളുടെ പരമാധികാരം കൈയേറിയുമാണ് അമേരിക്ക അതിക്രമം കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക സിറിയയില്‍ തീവ്രവാദികളെ സഹായിക്കുകയും അവരെ സര്‍ക്കാറിനെതിരെ സജ്ജമാക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യപരമായി തിരഞ്ഞടുത്ത ഭരണകൂടത്തിനെതിരെയുള്ള തീവ്രവാദ ശക്തികളുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയും അതേസമയം ലോക ജനതയുടെ മുന്നില്‍ ഭീകരവിരുദ്ധ നിലപാട് ഉറക്കെ പ്രഖ്യാപിക്കുകയുമാണ് അമേരിക്ക ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇറാഖിലും സിറിയയിലും നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്ത ഇസില്‍ തീവ്രവാദികള്‍ക്കെതിരെ യു എന്‍ നേതൃത്വത്തില്‍ അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. അന്താരാഷട്ര സഖ്യത്തിന്റെ സത്യസന്ധതയില്‍ വ്യാഴാഴ്ച വിദേശകാര്യ വക്താവ് മര്‍സീഹ് അഫ്ഖാമും സംശയം പ്രകടിപ്പിച്ചിരുന്നു. ഇറാഖിലെയും സിറിയയിലെയും ഇസില്‍ തീവ്രവാദികളുടെ ഭീഷണി തുടക്കത്തില്‍ മുഖവിലെക്കെടുത്തില്ലെന്ന് വിദേശ കാര്യ മന്ത്രി മുഹമ്മദ് ജവാദ് ള്വരീഫ് കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. സിറിയയില്‍ വിമത സംഘത്തിന് സഹായങ്ങള്‍ നല്‍കി തീവ്രവാദികളെ സഹായിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇത്തരം സഹായങ്ങളാണ് ഇസില്‍ തീവ്രവാദികളുടെ വളര്‍ച്ചക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമതര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ പലപ്പോഴും ഇസില്‍ തീവ്രവാദികളുടെ കൈകളില്‍ എത്തി. ഇറാന്‍ സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണക്കാനാണ് ശ്രമിച്ചതെന്നും ഇവര്‍ക്ക് വേണ്ട സൈനിക നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇറാന്‍ സഹകരിച്ചിട്ടുണ്ടെന്നും ജവാദ് ള്വരീഫ് വ്യക്തമാക്കി. പാരീസില്‍ തിങ്കളാഴ്ച ഫ്രാന്‍സ് സംഘടിപ്പിക്കുന്ന ഇറാഖ് വിഷയത്തിലെ സമ്മേളനത്തിലേക്ക് ഇറാനെ ക്ഷണിക്കാത്ത സാഹചര്യത്തിലാണ് ശംഖാനി രംഗത്തു വന്നത്.