മലവെള്ളപ്പാച്ചില്‍; ശമീറിനെ മരണം തട്ടിയെടുത്തത് സൗഹൃദക്കൂട്ടില്‍ നിന്ന്

Posted on: September 13, 2014 11:39 am | Last updated: September 13, 2014 at 11:39 am
SHARE

കാളികാവ്: ചിങ്കക്കല്ലിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ശമീറിനെ മരണം തട്ടിയെടുത്തത് സൗഹൃദക്കൂട്ടത്തില്‍ നിന്ന്.
തെളിഞ്ഞ് നില്‍ക്കുന്ന അന്തരീക്ഷത്തില്‍ കണ്ണാടിച്ചില്ല് പോലുള്ള വെള്ളത്തില്‍ ഒന്നിറങ്ങാനും അല്‍പനേരം ഇരിക്കാനും വേണ്ടിയാണ് സന്ദര്‍ശകര്‍ ഇവിടെയത്തുന്നത്. ചിങ്കക്കല്ല് പുഴയിലെ ഈ മനോഹാരിത ആസ്വദിക്കാനാണ് ശമീറും സംഘവും എത്തിയത്. ഒഴിവ് ദിനങ്ങളിലാണ് ഇവിടെ തിരക്കേറെയുമുണ്ടാകുക. ശമീറും കൂട്ടുകാരായ വി കെ സാജിദ്, കെ ടി അശ്‌റഫ്, പരപ്പില്‍ നിയാസ്, മൂച്ചിക്കല്‍ അജീഷ്, പണിക്കൊള്ളി റസാഖ്, ആലുങ്ങല്‍ ശൗക്കത്ത്, പൂക്കോടന്‍ അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ എത്തുമ്പോള്‍ തന്നെ മറ്റ് നിരവധി സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ പുഴയുടെ പലഭാഗങ്ങളിലും ഉണ്ടായിരുന്നു.
മാളിയേക്കല്‍ സ്വദേശിയായ ചോലക്കല്‍ ഷമീറും ജ്യേഷ്ഠ സഹോദരന്റെ മക്കളായ അന്‍ശിഫ്, അന്‍ശിദ് എന്നിവരും ചിങ്കക്കല്ല് പുഴയില്‍ എത്തിയിരുന്നു. ഇവരും മലവെള്ളപ്പാച്ചിലില്‍ പുഴയുടെ നടുഭാഗത്താണ് കുടുങ്ങിയത്. നാട്ടുകാരാണ് ഇവരെ കരക്കെത്തിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് വണ്ടൂര്‍ സ്വദേശിയുടെ കാറ് ഒഴുക്കില്‍ പെട്ടിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഒരു ആദിവാസി കുട്ടിപ്പാലന്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് മരിച്ചിരുന്നു. ഗ്രേഡ് എസ് ഐ അജിത്, എ എസ് ഐ ജോര്‍ജ്ജ്, സിവില്‍പോലീസ് ഓഫീസര്‍മാരായ ഷിജിമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാളികാവ് പോലീസും, നിലമ്പൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും താലൂക്ക് തഹസില്‍ദാര്‍ അബ്ദുല്‍ സലാം, വില്ലേജ് ഉദ്യോഗസ്ഥരായ സാജു, പി ഷമീര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.