മദ്യലഹരിയില്‍ അക്രമം: യുവാവ് പിടിയില്‍

Posted on: September 13, 2014 9:33 am | Last updated: September 13, 2014 at 9:33 am
SHARE

താമരശ്ശേരി: മദ്യലഹരിയില്‍ ടാക്‌സി ഡ്രൈവറെയും യാത്രക്കാരെയും പോലീസിനെയും ആക്രമിച്ച യുവാവിനെ താമരശ്ശേരി പോലീസ് പിടികൂടി. പത്തനംതിട്ട സീത്താറോഡ് പുതുപറമ്പില്‍ ബിനു പി ജോണ്‍ (28) ആണ് നടുറോഡില്‍ പരാക്രമം കാണിച്ചത്.
കല്‍പ്പറ്റയില്‍ നിന്ന് ഭാര്യയുടെ ജോലി സ്ഥലമായ മലപ്പുറത്തേക്ക് ഭാര്യക്കൊപ്പം പോകവെ പുല്ലാഞ്ഞിമേടിലായിരുന്നു സംഭവം. വാഹനത്തില്‍ വച്ച് മദ്യപിച്ച ബിനു സിഗരറ്റ് വലിക്കണമെന്നാവശ്യപ്പെട്ട് വാഹനം നിര്‍ത്തിച്ചു. സിഗരറ്റ് വലിച്ചെങ്കിലും അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ വീണ്ടും സിഗരറ്റ് വലിക്കാന്‍ തുനിഞ്ഞത് ഡ്രൈവര്‍ എതിര്‍ത്തതോടെ ഡ്രൈവറെ കൈയേറ്റം ചെയ്തു.
പുല്ലാഞ്ഞിമേട് വളവില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഡ്രൈവറെ റോഡിലേക്ക് വലിച്ചിട്ടു. ഡ്രൈവര്‍ സഹായം തേടിയപ്പോള്‍ അക്രമം തടയാനെത്തിയവര്‍ക്കും മര്‍ദനമേറ്റു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ട്രാഫിക് എസ് ഐ ശ്രീധരന്‌നേരെയും അക്രമമുണ്ടായി. ഏറെ പണിപ്പെട്ടാണ് ഇയാളെ പോലീസ് കീഴടക്കി താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here