ദുബൈ മെട്രോ സുരക്ഷ വര്‍ധിപ്പിക്കുന്നു; പുതിയ 1000 ക്യാമറകള്‍

Posted on: September 12, 2014 5:31 pm | Last updated: September 12, 2014 at 5:31 pm

DUBAI METROദുബൈ: പുതിയ 1,000 സുരക്ഷാ ക്യാമറകള്‍ കൂടി സ്ഥാപിച്ച് ദുബൈ മെട്രോ സുരക്ഷാ നിലവാരം വര്‍ധിപ്പിക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തിനിടയിലാണ് മെട്രോ സ്റ്റേഷനുകളില്‍ 1,000 പുതിയ ക്യാമറകള്‍ സ്ഥാപിക്കുകയെന്ന് ആര്‍ ടി എ വ്യക്തമാക്കി.
നിലവില്‍ 4,000 ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളാണ് വിവിധ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലുമായി സ്ഥാപിച്ചിരിക്കുന്നത്. മെട്രോയില്‍ യാത്രക്കായി എത്തുന്ന ഓരോ യാത്രക്കാരന്റെയും ചലനങ്ങളും പെരുമാറ്റ രീതികളുമെല്ലാം ക്യാമറകള്‍ ഓരോ നിമിഷവും ഒപ്പി എടുത്തുകൊണ്ടാണിരിക്കുന്നത്. ഇത് ഒരു സ്ഥിരം സംവിധാനമാണ്. ഇതിലൂടെയാണ് മെട്രോയുടെ സുരക്ഷ അധികാരികള്‍ 100 ശതമാനം ഉറപ്പാക്കുന്നത്. കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്ന് ഒറ്റപ്പെട്ട് പോയാലും ആരുടെയെങ്കിലും പേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മോഷണം പോയാലുമെല്ലാം ബഹുഭൂരിപക്ഷം കേസിലും പരിഹാരം കാണാന്‍ ആര്‍ ടി എ അധികൃതര്‍ക്ക് സാധിക്കുന്നത് ഇതിനാലാണ്. ഒറ്റപ്പെട്ട മെട്രോ സ്റ്റേഷന്‍ മൂലകള്‍ മാത്രമാണ് സുരക്ഷാ ക്യാമറയുടെ പരിധിക്ക് പുറത്തുള്ളത്. ഇത്തരം ഭാഗങ്ങളില്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്താറില്ലാത്തതിനാലാണ് അവിടം ക്യാമറയുടെ നിരീക്ഷണത്തിന് വെളിയിലായത്.
യാത്രക്കാരുടെ എണ്ണം ദിനേന വര്‍ധിക്കുന്നതിനാലാണ് ക്യാമറകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആര്‍ ടി എ റെയില്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുദാരിബ് വ്യക്തമാക്കി. മെട്രോയുടെ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ ടി എ ദുബൈ പോലീസുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതും. അദ്ദേഹം അനുസ്മരിച്ചു.