Connect with us

Kasargod

അനധികൃത മത്സ്യബന്ധനം; ബോട്ടുകളെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി

Published

|

Last Updated

മഞ്ചേശ്വരം: അനധികൃതമായി കര്‍ണാടകയില്‍നിന്നും മത്സ്യബന്ധനത്തിനെത്തിയ ബോട്ടുകളെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംസ്ഥാനത്ത് നിരോധിച്ച ഖില്‍ട്ടണ്‍ വല ഉപയോഗിച്ച് മഞ്ചേശ്വരം ഹൊസബെട്ടു കടലില്‍ മത്സ്യബന്ധനം നടത്തുന്നത് നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത്.
കര്‍ണാടകയില്‍ നിന്നെത്തിയ 12 ബോട്ടുകളാണ് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ കേരളത്തില്‍ നിരോധിച്ച ഖില്‍ട്ടണ്‍ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തരുതെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുസംഘങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായത്. മത്സ്യബന്ധന ബോട്ടുകള്‍ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.
ബോട്ടിലെ തൊഴിലാളികളും മത്സ്യത്തൊലാളികളും തോണിയിലെത്തിയ പ്രാദേശിക മത്സ്യത്തൊഴിലാളികളും സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ മഞ്ചേശ്വരം എസ് ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഒരു തരത്തിലും നിരോധിച്ച വലയുപയോഗിച്ച് മത്സ്യബന്ധനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ ഉറച്ചുനിന്നു. നേരത്തെ നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിലും നിരോധിച്ച വലയുപയോഗിച്ച് ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നതിനെതിരെ സംഘര്‍ഷവും ഏറ്റുമുട്ടലും നടന്നിരുന്നു.