ബ്രൈറ്റ് ഹെഡ്‌ലൈറ്റുകള്‍ ഇനി വില്ലനാവില്ല

Posted on: September 11, 2014 6:07 pm | Last updated: September 11, 2014 at 7:40 pm
SHARE

head lightവാഷിംഗ്ടണ്‍: എതിരെ വരുന്ന വാഹനം ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതിരുന്നാല്‍ ഉണ്ടാവുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. ബ്രൈറ്റ്‌ലൈറ്റില്‍ കണ്ണഞ്ചുകയും കൃത്യമായ കാഴ്ച്ച തടസ്സപ്പെടുകയും ചെയ്യുന്നതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണ്. ബ്രൈറ്റ് ഹെഡ്‌ലൈറ്റുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയാണ് വാഷിംഗ്ടണിലെ ഒരു കൂട്ടം ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം.

ഇന്ത്യന്‍ വംശജനായ ശ്രീനിവാസ് നരംസിംഹയും സംഘവുമാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. എല്‍ ഇ ഡികള്‍ക്ക് പകരം ഡിജിറ്റല്‍ ലൈറ്റ് പ്രോസസിംഗ് പ്രൊജക്ടര്‍ ഉപയോഗിച്ചാണ് ഈ ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കണ്ണഞ്ചിപ്പിക്കാത്ത വിധത്തില്‍ ഹെഡ്‌ലൈറ്റ് പ്രോഗ്രാം ചെയ്യാവുന്ന സംവിധാനമാണ് പുതിയ ഇതിലുള്ളത്.

ഹെഡ്‌ലൈറ്റില്‍ നിന്ന് പുറത്ത് വരുന്ന ലക്ഷക്കണക്കിന് കിരണങ്ങളെ ഉചിതമായ രീതിയില്‍ വിന്യസിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. എതിരെ വരുന്ന വാഹനങ്ങളുടെ നേരെവരുന്ന കിരണങ്ങളുടെ ശക്തി കുറക്കുകയും എന്നാല്‍ റോഡരികിലെ സൈന്‍ബോര്‍ഡുകളും മറ്റും കാണാന്‍ സഹായിക്കും വിധം മറ്റ് കിരണങ്ങളുടെ ശക്തി കൂട്ടുകയും ചെയ്ത് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഹെഡ്‌ലൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എതിരെ വരുന്ന വസ്തുക്കളെ നിരീക്ഷിക്കാന്‍ ക്യാമറ സംവിധാനവും ഈ ഹെഡ്‌ലൈറ്റിലുണ്ട്.