Connect with us

Kasargod

മംഗലാപുരത്ത് ചേളാരിക്കാരുടെ ആക്രമണം;യുവാവിന് വെട്ടേറ്റു

Published

|

Last Updated

മംഗലാപുരം: സ്വലാത്ത് മജ്‌ലിസ് പരിപാടിക്കിടെ ചേളാരി വിഭാഗം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. പത്ത് പേര്‍ക്ക് പരുക്കേറ്റു. എസ് വൈ എസ് പ്രവര്‍ത്തകന്‍ കൊളക്കയിലെ ഹനീഫ(46) യെയാണ് വെട്ടേറ്റ് ഗുരുതര നിലയില്‍ മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മംഗലാപുരത്തിനടുത്ത് സജ്പയില്‍ പുതുതായി നിര്‍മിച്ച അല്‍ ബദ്‌രിയ മസ്ജിദില്‍ സംഘടിപ്പിച്ച സ്വലാത്ത് മജ്‌ലിസിനു മുന്നോടിയായി വിശിഷ്ടാതിഥികളെ ആനയിച്ച് കൊണ്ടുവരുന്ന വാഹന വ്യൂഹത്തിനു നേരെയാണ് സജ്പ നടു ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തിയത്. വിശിഷ്ടാതിഥികളായ ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, മഞ്ഞംപാറ മജ്‌ലിസ് ചെയര്‍മാന്‍ അശ്‌റഫ് തങ്ങള്‍ ആദൂര്‍ എന്നിവരുടെ അകമ്പടി വാഹനങ്ങള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.
പള്ളിക്കു സമീപത്തെ ഹൈദര്‍ ഹാജിയുടെ വീടിനു നേരെയും സംഘം ആക്രമണം നടത്തി. വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും സംഘം തല്ലിത്തകര്‍ത്തു.
പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അ്രകമികള്‍ കടകള്‍ അടപ്പിക്കുകയും സ്‌കൂളുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്തു. പോലീസ് സംരക്ഷണത്തോടെ പരിപാടി നടക്കുമെന്ന് ഉറപ്പായതോടെ അക്രമിസംഘം പോലീസ് സ്റ്റേഷനിലെത്തി പരിപാടി തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരാകരിച്ചതിനാല്‍ സ്വലാത്ത് പരിപാടി നടക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തടസപ്പെടുത്തുന്നതിന് ക്രമം നടത്തിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് മാരകായുധങ്ങളുമായെത്തിയ അക്രമിസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. ഇടയ്ക്കിടെ ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ചേളാരി നേതൃത്വത്തിന്റെ അറിവോടെ മുമ്പും ശ്രമം നടത്തിയിരുന്നു. ഇക്കഴിഞ്ഞ റമസാനില്‍ തറാവീഹ് നിസ്‌കാരത്തിനിടെ അക്രമം നടത്തുകയും പള്ളിയിലെത്തി തിരിച്ച് പോകുന്നവരെ പ്രകോപിതരാക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു.
സംഭവത്തില്‍ എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ്-എസ് എസ് എഫ് കര്‍ണാടക സംസ്ഥാന കമ്മിറ്റിയും പ്രതിഷേധിച്ചു.
രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുന്ന ചേളാരി വിഭാഗത്തിന്റെ ചെയ്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Latest