Connect with us

Ongoing News

തുകയും മാനദണ്ഡങ്ങളും പുതുക്കി സര്‍ക്കാര്‍ ഉത്തരവ്

Published

|

Last Updated

കല്‍പ്പറ്റ: പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള സഹായവും ഇത് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകള്‍ അംഗീകരിച്ച് 2010-“15 കാലയളവില്‍ പ്രകൃതി ദുരന്തങ്ങള്‍ നേരിടേണ്ടിവരുന്നവര്‍ക്ക് നല്‍കുന്ന സഹായധനവും മാനദണ്ഡങ്ങളും കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പരിഷ്‌കരിച്ച പശ്ചാത്തലത്തിലാണ് 2014 ജനുവരി 16 മുതല്‍ പ്രാബല്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.

ഇതനുസരിച്ച് പ്രകൃതിക്ഷോഭത്തിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയും മരിച്ചയാളുടെ കുടുംബത്തിനു ഒന്നര ലക്ഷം രൂപയുടെ സഹായം ലഭിക്കും. വിദേശത്ത് പ്രകൃതിക്ഷോഭത്തില്‍ മരിക്കുന്ന ഇന്ത്യന്‍ പൗരന്റെയും ഇന്ത്യയില്‍ മരിക്കുന്ന വിദേശ പൗരന്റെയും കുടുംബത്തിനു ഇതിനു അര്‍ഹതയില്ല. ദുരന്തത്തില്‍ 40 ശതമാനം മുതല്‍ 80 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 43,500ഉം 80 ശതമാനത്തിനു മുകളില്‍ വൈകല്യമുണ്ടാകുന്നവര്‍ക്ക് 62,000ഉം രൂപ സഹായം നല്‍കും. ഇതിനു ബന്ധപ്പെട്ട ചികിത്സാലയത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരുക്കേറ്റ് ഒരാഴ്ച വരെയും അതില്‍ കൂടുതലും ആശുപത്രിയില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് യഥാക്രമം 3,100ഉം 9,300ഉം രൂപയാണ് സഹായം. വസ്ത്രങ്ങള്‍ നശിച്ചാല്‍ 1,300ഉം പാത്രങ്ങളടക്കം ഗൃഹോപകരണങ്ങള്‍ തകര്‍ന്നാല്‍ 1,400ഉം രൂപ ഒരു കുടുംബത്തിനു അനുവദിക്കും. ദുരന്തത്തില്‍ ഭക്ഷ്യധാന്യശേഖരം നശിച്ചതില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാത്ത കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് ദിവസം 40-ഉം കുട്ടികള്‍ക്ക് 30-ഉം രൂപ ആഹാരച്ചെലവിനു ലഭിക്കും. ഭക്ഷ്യധാന്യശേഖരം ഇല്ലാത്ത കുടുംബങ്ങളിലെ അംഗങ്ങളും ഒരു മാസം വരെയുള്ള ഈ ആനുകൂല്യത്തിനു അര്‍ഹരായിരിക്കും. വരള്‍ച്ച, കീടാക്രമണം എന്നീ കേസുകളില്‍ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെയോ കേന്ദ്ര ഉദ്യോഗസ്ഥ സംഘത്തിന്റെയോ തീരുമാനത്തിനു വിധേയമായി ഭക്ഷണച്ചെലവിനു മൂന്ന് മാസം വരെ സഹായം നല്‍കും. ചെറുകിട പരിമിത കര്‍ഷകരുടെ കൃഷിയിടത്തില്‍ മൂന്ന് ഇഞ്ചില്‍ കൂടുതല്‍ കനത്തില്‍ മണ്ണോ മണലോ അടിഞ്ഞുകൂടിയാല്‍ നീക്കം ചെയ്യുന്നതിനു ഹെക്ടറിനു 8,100 രൂപ നല്‍കും. കുത്തൊഴുക്കില്‍പ്പെട്ടും മണ്ണിടിഞ്ഞും ഉണ്ടാകുന്ന ഭൂനഷ്ടത്തിനു ഹെക്ടറിനു കാല്‍ ലക്ഷം രൂപ അനുവദിക്കും.
പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം 50 ശതമാനത്തിനു മുകളിലെങ്കില്‍ ചെറുകിട പരിമിത വിഭാഗത്തില്‍പ്പെടാത്ത കര്‍ഷകര്‍ക്കും ഇന്‍പുട്ട് സബ്‌സിഡിക്ക് അര്‍ഹത ഉണ്ടായിരിക്കും. ഇടവിളകള്‍, തോട്ടവിളകള്‍ എന്നിവയ്ക്ക് ഹെക്ടറിനു 4,500 രൂപ മുതല്‍ 9,000 രൂപ വരെയും ദീര്‍ഘകാല വിളകള്‍ക്ക് ഹെക്ടറിനു 12,000 രൂപയുമാണ് സബ്‌സിഡി. സെറികള്‍ച്ചറിനു ഇത് 3,200 രൂപ മുതല്‍ 4,000 രൂപ വരെയാണ്.
ദുരന്തത്തില്‍ പൂര്‍ണമായും നശിച്ച ഓട്, വാര്‍ക്ക വീടുകളില്‍ സമതലങ്ങളില്‍ ഉള്ളതിനു 70,000 രൂപയും കുന്നിന്‍പുറങ്ങളിലേതിനു 75,000 രൂപ സഹായം ലഭിക്കും. പുല്ല്, ഓല വീട് പൂര്‍ണമായും തകര്‍ന്നാല്‍ 17,600 രൂപ കിട്ടും. കാര്യമായ കേടുപാടുണ്ടായ ഓട്, വാര്‍ക്ക വീടിനു 12,600വും പുല്ല്, ഓല വീടിനു 3,800ഉം രൂപയാണ് സഹായം. ഭാഗികമായി തകര്‍ന്ന ഓട്, വാര്‍ക്ക വീടിനു 3,800ഉം പുല്ല്, ഓല വീടിനു 2,300ഉം രൂപ കിട്ടും. കുടില്‍ നശിച്ചാല്‍ 3,000 രൂപയാണ് അനുവദിക്കുക. തൊഴുത്ത് തകര്‍ന്നാല്‍ 1,500 രൂപയായിരിക്കും സഹായം.
വെള്ളപ്പൊക്കത്തിലും വരള്‍ച്ചയിലും മറ്റും മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളില്‍ ചെറുകിട പരിമിത വിഭാഗക്കാര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള സഹായവും പുതുക്കിയിട്ടുണ്ട്. കറവയുള്ള പശു, എരുമ എന്നിവ ചത്താല്‍ വേറെ വാങ്ങുന്നതിനു 16,400ഉം ആടിനു 1,650ഉം രൂപയാണ് നല്‍കുക. ഉഴവിനും ഭാരം വലിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന കാള, പോത്ത് എന്നിവ നഷ്ടമായവര്‍ക്ക് 15,000 രൂപ ലഭിക്കും. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പല കേസുകളിലും പുതുക്കി നിശ്ചയിച്ച സമാശ്വാസധനം മുമ്പ്് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നതിലും കുറവാണ്. ഓട്, വാര്‍ക്ക വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ സഹായം അനുവദിച്ചിരുന്നു.