Connect with us

Ongoing News

ആദിവാസിഭൂമിയില്‍ കാറ്റാടിക്കമ്പനി ലക്ഷങ്ങള്‍ കൊയ്യുന്നു; തിരിച്ചുപിടിക്കാന്‍ നടപടിയില്ല

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ കാറ്റാടിക്കമ്പനി ആദിവാസി ഭൂമി തട്ടിയെടുത്ത് ലക്ഷങ്ങള്‍ നേടുമ്പോഴും ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ല. ആദിവാസിഭൂമി തിരിച്ചുപിടിക്കണമെന്ന ചീഫ്‌സെക്രട്ടറിയുടെയും സംഭവത്തില്‍ വ്യാജരേഖ ചമക്കലുള്‍പ്പടെ നിരവധി തട്ടിപ്പ് നടന്നുവെന്ന വിജിലന്‍സിന്റെയും റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് കാറ്റാടിക്കമ്പനിയെ സഹായിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. 2007ലാണ് അട്ടപ്പാടിയില്‍കാറ്റാടി വൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനായി സുസ് ലോണ്‍ കമ്പനി അഞ്ഞൂറ് ഏക്കറോളം ഭൂമി റിയല്‍എസ്‌റ്റേറ്റ് ലോബിയുടെ സഹായത്തോടെ വിവിധ പേരുകളിലായി സ്വന്തമാക്കുന്നത്. വന്‍ഭൂമി തട്ടിപ്പ് നടന്ന പദ്ധതിയില്‍ ആദിവാസിഭൂമി വ്യാജ രേഖചമച്ച് തട്ടിയെടുത്തതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലും തട്ടിപ്പ് വ്യക്തമായി. കോട്ടത്തറ, ഷോളയൂര്‍, അഗളി വില്ലേജുകളിലായി നടത്തിയ പദ്ധതിയില്‍ കോട്ടത്തറ വില്ലേജിലാണ് എറ്റവും കൂടുതല്‍ ആദിവാസി ഭൂമി തട്ടിയെടുത്തിട്ടുള്ളത്. കോട്ടത്തറ വില്ലേജിലെ സര്‍വേ നമ്പര്‍ 1275ല്‍ പെട്ട 82 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച എല്ലാ നടപടികളും മരവിച്ചിരിക്കുകയാണ്. ആദിവാസിഭൂമി തിരിച്ചുപിടിച്ച് കാറ്റാടി സര്‍ക്കാര്‍ ഏറ്റെടുത്ത് ഇതില്‍നിന്നുള്ള വരുമാനവിഹിതം ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന നിര്‍ദ്ദേശമാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. എന്നാല്‍ കാറ്റാടിയുടെ ഉടമസ്ഥാവകാശം സുസ് ലോണ്‍ തന്നെ നല്‍കാനാണ് സര്‍ക്കാര്‍ താത്്പര്യം കാണിച്ചത്. കാറ്റാടി വൈദ്യുതിയില്‍നിന്നും സ്വകാര്യ കമ്പനികള്‍ പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോഴും ഭൂവുടമകളായ ആദിവാസികള്‍ക്ക് നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിയുന്നുള്ളു.

Latest