വയനാട് ചുരത്തിന് ഭീക്ഷണിയായി അനധികൃത റിസോര്‍ട്ടുകള്‍

Posted on: September 9, 2014 12:30 am | Last updated: September 9, 2014 at 12:30 am
SHARE

കല്‍പ്പറ്റ; ചുരത്തിന്റെ സുരക്ഷയെ ആശങ്കയിലാക്കുന്ന രീതിയില്‍ അനധികൃത നിര്‍മാണങ്ങള്‍ പെരുകുന്നു. രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് ചുരം ഇടിഞ്ഞത്. സമീപത്തെ അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണങ്ങള്‍ ചുരം തകര്‍ക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ആശങ്ക വര്‍ധിപ്പിച്ച് അപകടം തുടര്‍ക്കഥയാകുന്നത്.

ഏതാനും ദിവസം മുമ്പാണ് ഒമ്പതാം വളവിനോട് ചേര്‍ന്ന് വന്‍പാറക്കൂട്ടം അടര്‍ന്ന് വീണത്. ചുരത്തിന് മുകളില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഫഌറ്റ്, വില്ലകള്‍, റിസോര്‍ട്ടുകള്‍ എന്നിവയാണ് ഇതിലേറെയും. മുമ്പ് ഇത്തരം നിര്‍മാണങ്ങള്‍ നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും യാതൊരു നിയന്ത്രണവും ഇവിടെ വന്നിട്ടില്ല. ഗ്രാമപഞ്ചായത്ത് അനുമതി നിരസിക്കുമ്പോള്‍ കോടതിയെ സമീപിച്ചാണ് വന്‍കിട കെട്ടിട നിര്‍മാതാക്കള്‍ നിര്‍മാണം നടത്താന്‍ ഉത്തരവ് നേടുന്നത്.
ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ റിപോര്‍ട്ടില്‍ ഇത്തരം നിര്‍മാണം വിലക്കിയിട്ടുണ്ട്. ഒമ്പതാം വളവില്‍ പാറക്കൂട്ടം അടര്‍ന്ന ഭാഗത്തിനടുത്ത് ഏതാനും വര്‍ഷം മുമ്പ് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഈ ഭാഗത്തിന് മുകളിലുള്ള റിസോര്‍ട്ടില്‍ അനധികൃതമായി നിര്‍മിച്ച തടാകം തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളം കുത്തിയൊലിക്കുകയായിരുന്നു. അമിതമായി വെള്ളം പെട്ടെന്ന് ഒഴുകിവന്നതിനെ തുടര്‍ന്നാണ് റോഡ് ഉള്‍പ്പെടെ ഇടിഞ്ഞുപോയത്. ഇതേ തുടര്‍ന്ന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും മലമുകളില്‍ നിര്‍മാണം നിലച്ചിട്ടില്ല .
ഭൂ നിയമങ്ങളെ കാറ്റില്‍ പറത്തിയും പഴുതുകള്‍ ഉപയോഗപ്പെടുത്തിയുമാണ് നിര്‍മാണങ്ങളിലേറെയും. എട്ട്, ഒമ്പത് വളവുകള്‍ക്ക് സമീപത്തെ ഒരു എസ്‌റ്റേറ്റില്‍ വില്ലകളുടെ നിര്‍മാണം നടക്കുന്നത് ഇത്തരം പഴുത് ഉപയോഗപ്പെടുത്തിയത്. ഏലം പ്ലാന്റേഷനായിരുന്ന ഭൂമി പ്ലാന്റേഷന്‍ ആക്ട് ലംഘിച്ച് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഭൂ മാഫിയ വിലക്ക് വാങ്ങി 5,10 സെന്റ് വീതമുള്ള പ്ലോട്ടുകളാക്കി മാറ്റി. ആര്‍ ഡി ഒയുടെ അനുമതിയില്ലാതെ കെട്ടിട നിര്‍മാണവും നടക്കുന്നു. കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ നിന്നും വെറും പതിനഞ്ച് മീറ്റര്‍ മാറിയാണ് ഈ നിര്‍മാണം. ഇവിടെ നിന്നുള്ള ചുരം താഴ് വാരത്തെ ദൃശ്യം വില്‍പ്പന ചരക്കാക്കിയാണ് അധികൃതരുടെ ഒത്താശയോടെ നിര്‍മാണം നടക്കുന്നത്. സെക്ഷന്‍ 5ല്‍പ്പെട്ട ഭൂമിയാണിത്.
അനധികൃതമായി മരം മുറിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉടമകള്‍ക്കെതിരെ കേസ് എടുത്തിരുന്നു. നിലവില്‍ ഒരു ഭീമന്‍ ഫഌറ്റ് ചുരത്തിന് മുകളില്‍ ഉയര്‍ന്നുകഴിഞ്ഞു.
തൊട്ടടുത്ത് തന്നെ മറ്റൊരു ഫഌറ്റിനുള്ളനിര്‍മാണവും ആരംഭിച്ചു. 13 ഓളം ഫഌറ്റുകള്‍ നിര്‍മിക്കാനുള്ള നീക്കമാണ് ചുരത്തിന് ചുറ്റും നടക്കുന്നത്. ചുരം കാഴ്ച ലക്ഷ്യമാക്കിയുള്ള റിസോര്‍ട്ടുകളെല്ലാം നീരുറവകളെ പോലും ഇല്ലാതാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. റിസോര്‍ട്ടുകളുടെ സൗകര്യാര്‍ഥം നീരുറവകളെ വനത്തില്‍ നിന്നുപോലും തിരിച്ചുവിടുന്നുണ്ട്.