Connect with us

International

ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളില്‍ ബാഹ്യ ശക്തികള്‍ ഇടപെടേണ്ട: കാന്തപുരം

Published

|

Last Updated

ലണ്ടന്‍: ഏതു തരത്തിലുള്ള ഭീകര പ്രവര്‍ത്തനത്തെയും ഇന്ത്യ ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കുമെന്നും രാജ്യത്ത് മുസ്‌ലിംകള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരണഘടനക്കുള്ളില്‍ നിന്നു കൊണ്ട് പരിഹരിക്കാന്‍ അവസരമുണ്ടെന്നും അതില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ വേണ്ടെന്നും അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വിവിധ പരിപാടികള്‍ക്കായി ബ്രിട്ടനിലെത്തിയ അദ്ദേഹം ലണ്ടനില്‍ പ്രത്യേക സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഇസ്‌ലാം ഒരിക്കലും തീവ്രവാദത്തെയും ഭീകരതയെയും പ്രോത്സാഹിപ്പിക്കുന്നില്ല. നൂറ്റാണ്ടുകളായി ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പാരമ്പര്യം ഇതാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും അതിന് രാജ്യത്തോട് യുദ്ധത്തിനൊരുങ്ങണമെന്നുമുള്ള അല്‍ഖാഇദ തലവന്‍ അല്‍ സവാഹരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതു പ്രശ്‌നങ്ങളെയും നേരിടാന്‍ ഇന്ത്യയില്‍ നിയമമുണ്ട്. അത് ഭരണഘടനാപരമായിത്തന്നെ എല്ലാ വിഭാഗങ്ങള്‍ക്കും അനുവദിച്ചു കിട്ടിയതാണെന്നും കാന്തപുരം പറഞ്ഞു. മറ്റു പല രാജ്യങ്ങളും നേരിടുന്ന തരത്തിലുള്ള ഭീഷണി നമ്മുടെ രാജ്യത്തില്ലാത്തത് നമ്മുടെ നാടിന്റെ ഐക്യവും ഒരുമയും കൊണ്ടാണ്. ഇത് തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സവാഹിരിയുടെ പ്രസ്താവനയിലൂടെ പുറത്തു വന്നിരിക്കുന്നത്. ഇസ്‌ലാമിന്റെ സൗഹൃദ പാരമ്പര്യത്തെ അംഗീകരിക്കുന്ന ഒരു മുസ്‌ലിമും ഈ പ്രസ്താവനയെ പിന്തുണക്കില്ല. അത്തരത്തില്‍ പ്രതീക്ഷിക്കുന്നവര്‍ വിഢ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ ഖാഇദ തലവന്റെ പേരില്‍ പുറത്തു വന്ന പ്രസ്താവനയുടെ പേരില്‍ മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല. സമൂഹത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന രാജ്യത്തിനകത്തെയും പുറത്തെയും ശക്തികളെപ്പറ്റി ഭരണകൂടങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.