കുടിവെള്ളം തേടി ഗാസയിലെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു

Posted on: September 6, 2014 11:37 pm | Last updated: September 6, 2014 at 11:37 pm
SHARE

gazaഗാസ സിറ്റി: ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയില്‍ ജല ക്ഷാമവും രൂക്ഷമാകുന്നു. രണ്ടാഴ്ച മുമ്പാണ് പലയിടങ്ങളിലും വെള്ളം ലഭിച്ചത്. കുടിവെള്ളം പോലും വേണ്ട രീതിയില്‍ ലഭിക്കാതെ പല കുടുംബങ്ങളും മുനിസിപ്പാലിറ്റി കൊണ്ടുവരുന്ന വെള്ളത്തിനുള്ള കാത്തിരിപ്പിലാണ്. വെള്ളത്തിന്റെ ലഭ്യത ഇല്ലായ്മക്കൊപ്പം ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് നിലച്ചുപോയ വൈദ്യുതി പുനഃസ്ഥാപിക്കാത്തത് മൂലം പല വീടുകളും ഇരുട്ടിലാണ്. പല കുടുംബങ്ങളും വെള്ളത്തിന് വേണ്ടി സ്വന്തമായി കിണര്‍ കുഴിച്ചു തുടങ്ങിയിട്ടുണ്ട്. ഫലസ്തീനില്‍ വെള്ളക്ഷാമം പതിവാണ്. 2006 മുതല്‍ രാജ്യത്ത് 10,000 കിണറുകള്‍ വെള്ള ക്ഷാമത്തെ തുടര്‍ന്ന് കുഴിച്ചിട്ടുണ്ട്. നിയമപരമായി കിണറുകള്‍ കുഴിക്കുന്നത് അനുവദിക്കുന്നില്ലെങ്കിലും ജീവന്‍ നിലനിര്‍ത്താനാണ് ഇവര്‍ സാഹസത്തിന് മുതിരുന്നത്. മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് യു എന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഭാരിച്ച ചെലവ് കാരണം ഇത്തരം കിണറുകള്‍ കുടുംബനാഥന്‍മാര്‍ തന്നെ സ്വയം നിര്‍മിക്കുകയാണ്. മേഖലയില്‍ കിണറുകള്‍ നിര്‍മിക്കുന്നതിനും ഇസ്‌റാഈല്‍ ഉപരോധം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ സൈനികനെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നാണ് ഈ ഉപരോധം കൊണ്ടുവന്നത്.