Connect with us

National

ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദ് ബോംബ് സ്‌ഫോടന കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇജാസ് ശൈഖ് ആണ് ഉത്തര്‍പ്രദേശിലെ സഹരാന്‍പൂര്‍ പ്രദേശത്ത് വെച്ച് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഡല്‍ഹി പോലീസിലെ പ്രത്യേക വിഭാഗവും ഉത്തര്‍പ്രദേശ് പോലീസും ചേര്‍ന്നാണ് വെള്ളിയാഴ്ച രാത്രി ഇജാസിനെ അറസ്റ്റ് ചെയ്തത്. ജമാ മസ്ജിദ് സ്‌ഫോടനക്കേസുമായും ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസുമായും ഇജാസിന് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മാസമായി സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ഇജാസ്. മഹാരാഷ്ട്രയിലെ പുനെ സ്വദേശിയാണ്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നതില്‍ വിദഗ്ധനായ ഇജാസ്, സംഘടനയിലെ സാങ്കേതിക വിദഗ്ധനായാണ് അറിയപ്പെടുന്നത്. 2010ലാണ് ജമാ മസ്ജിദില്‍ ആക്രമണമുണ്ടാകുന്നത്. ഇതുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാളെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളായ ഭട്കല്‍ സഹോദരങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

Latest