കാന്റീനില്‍ പോഷക സമൃദ്ധമായ ആഹാരം ഉറപ്പാക്കിയില്ലെങ്കില്‍ വിദ്യാലയങ്ങള്‍ക്ക് പിഴ

Posted on: September 6, 2014 7:18 pm | Last updated: September 6, 2014 at 7:18 pm
SHARE

SCHOOL BUS..ദുബൈ: പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ തങ്ങളുടെ കാന്റീനുകളില്‍ പോഷക സമൃദ്ധമായ ആഹാരം ഉറപ്പാക്കിയില്ലെങ്കില്‍ പിഴ. ഡി എച്ച് എയാണ് വിദ്യാലയങ്ങള്‍ക്ക് പോഷക സമൃദ്ധമായ ആഹാരം ഉറപ്പാക്കിയില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ അധ്യയന വര്‍ഷം മുതലാണ് ഡി എച്ച് എ ഇതിനായുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കിയത്. ഇവ കൃത്യമായും കണിശമായും പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കാവും പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ വിധിക്കുക.
ഈ അധ്യയന വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് വ്യായാമം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതും കര്‍ശനമായി ഡി എച്ച് എ നിരീക്ഷിക്കുമെന്നും ക്ലിനിക്കില്‍ ന്യൂ ട്രീഷ്യന്‍ വിഭാഗം ഡയറക്ടര്‍ ഡോ. വഫ ആയഷ് വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളും ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷ്യവസ്തുക്കളാണ് ക്യാന്റീനുകളില്‍ വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കണം. അല്ലാത്ത വിദ്യാലയങ്ങള്‍ക്ക് കനത്ത പിഴയാവും ചുമത്തുക.
ദുബൈ നഗരസഭയാവും വിദ്യാലയങ്ങളില്‍ പരിശോധന നടത്തി നിയമലംഘനം സംഭവിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. കുട്ടികള്‍ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണം ആരോഗ്യകരവും പോഷക സമൃദ്ധവുമാണോയെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണ്.
അമിത വണ്ണം ഉള്‍പ്പെടെയുള്ളവക്ക് ഇടയാക്കുന്ന ജങ്ക് ഫുഡുകളായ സാന്‍ഡ്‌വിച്ചുകളും പിസ പോലുള്ള വസ്തുക്കളും ലഞ്ച് പാത്രത്തില്‍ കൊണ്ടുവന്നു വിദ്യാലയത്തില്‍ എത്തിച്ച് കഴിച്ചാല്‍ കഴിഞ്ഞ അധ്യയന വര്‍ഷം പ്രതീകാത്മകമായി ഒരു ദിര്‍ഹം വീതം ഓരോ തവണയും വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തിയിരുന്നു.
ചെറിയ പ്രായത്തിലെ പോഷക സമൃദ്ധവും ആരോഗ്യം ഉറപ്പാക്കുന്നതുമായ ഭക്ഷണം ശീലമാക്കാന്‍ കുട്ടികളെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ഡി എച്ച് എ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്നത്. ഡി എച്ച് എയുടെ ട്വിറ്റര്‍ ക്ലിനിക്ക് എല്ലാ ആഴ്ചയും അമിത വണ്ണത്തില്‍ നിന്നു കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാറുണ്ട്. വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്തി ഫുഡ്‌സ് കമ്മിറ്റിയുമായി ഡി എച്ച് എ സഹകരിക്കുന്നുണ്ട്. വിദ്യാലയങ്ങളുടെ മതില്‍ക്കെട്ടിനുള്ളില്‍ ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷണ ശീലം വ്യാപിപ്പിക്കാനാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
ഭക്ഷണത്തിന്റെ നിറം, അതില്‍ ഉണ്ടായിരിക്കേണ്ട പോഷകങ്ങളുടെ അളവ്, ഭക്ഷണം പൊതിയേണ്ട വസ്തു, എന്തെല്ലാം ഘടകങ്ങള്‍ ചേര്‍ക്കാം, ചേര്‍ക്കരുത്, ഏത് രീതിയില്‍ ഭക്ഷണം കൊണ്ടുവരണം, എങ്ങിനെയാണ് ഭക്ഷണം സൂക്ഷിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഡി എച്ച് എ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.