ദുബൈ മെട്രോ സഞ്ചരിച്ചത് ഭൂമി മൂന്നുവട്ടം ചുറ്റാനുള്ള ദൂരം

Posted on: September 6, 2014 7:09 pm | Last updated: September 6, 2014 at 7:09 pm
SHARE

metroദുബൈ: ഭൂമിയെ മൂന്നുവെട്ടം വലംവെക്കാവുന്നതിലും അധികം ദൂരമാണ് ദുബൈ മെട്രോ ഇതുവരെ സഞ്ചരിച്ചതെന്ന് ആര്‍ ടി എ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷമായി മെട്രോ നടത്തുന്ന സര്‍വീസിലൂടെയാണ് ഇത്രയും ദൂരം മെട്രോ തീവണ്ടികള്‍ ഓടിയത്.

2,89,86,929 കിലോമീറ്റര്‍ ദുരമാണ് മെട്രോ ഇതുവരെ ഓടിത്തീര്‍ത്തത്. ഇത് ഭൂമിയെ മൂന്നു തവണ ചുറ്റുന്നതിന് വേണ്ടതിലും കൂടിയ ദൂരമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദുബൈ മെട്രോ സേവനത്തിന്റെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്. സേവനത്തിന്റെ വര്‍ഷങ്ങള്‍ക്കിടയില്‍ കോടിക്കണക്കിന് യാത്രക്കാരാണ് മെട്രോയിലെ സവാരി ആസ്വദിച്ചത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാത്ത മെട്രോ എന്ന പദവിക്ക് അര്‍ഹമായതുകൂടിയാണ് ദുബൈയുടെ അഭിമാനമായ ഈ സര്‍വീസ്.
74.6 കിലോമീറ്ററാണ് ദുബൈ മെട്രോയുടെ ആകെ നീളം. ചുവപ്പ്, പച്ച എന്നീ രണ്ടു ലൈനുകളാണ് നിലവിലുള്ളത്. റാശിദിയയില്‍ നിന്ന് ആരംഭിച്ച് ജബല്‍ അലിയില്‍ അവസാനിക്കുന്ന ചുവപ്പ് പാതക്ക് 52.1 കിലോ മീറ്ററും ഇത്തിസലാത്തില്‍ ആരംഭിച്ച് ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ അവ സാനിക്കുന്ന പച്ചപാതക്ക് 22.5 കിലോമീറ്ററുമാണ് ദൈര്‍ഘ്യം. ദിനേന അഞ്ചുലക്ഷം പേരാണ് ദുബൈ മെട്രോയില്‍ യാത്ര ചെയ്യുന്നത്. ദിനേന യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. 2011നവംബര്‍ ഏഴിനായിരുന്നു മെട്രോ യാത്രക്കാരുടെ എണ്ണം 10 കോടിയെന്ന നാഴികക്കല്ലില്‍ എത്തിയത്. ഇതുവരെ 47 കോടിയോളം ജനങ്ങള്‍ മെട്രോയില്‍ യാത്ര ചെയ്‌തെന്നാണ് ആര്‍ ടി എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2013ല്‍ മാത്രം 13,77,59,258 യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. 2014ന്റെ ആദ്യ ആറുമാസങ്ങളില്‍ മാത്രം 8,14,03,876 യാത്രക്കാര്‍ സഞ്ചരിച്ചപ്പോള്‍ 2013ന്റെ ഇതേ കാലയളവില്‍ 6,71,01,316 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
2009ല്‍ ശരാശരി ദിനേന 60,000 പേര്‍ മെട്രോ ഉപയോഗിച്ചപ്പോള്‍ ഇപ്പോഴിത് അഞ്ചുലക്ഷമാണ്. 2009ല്‍ മെട്രോ ആരംഭിച്ചത് ചുവന്ന പാതയോടെയായിരുന്നു. അന്ന് 10 സ്റ്റേഷനുകളായിരുന്നു ഉണ്ടായിരുന്നത്.
ചുവപ്പ് പാതയില്‍ ഇതുവരെ 8,88,86,539 പേരും പച്ച പാതയില്‍ 4,88,72,719 പേരുമാണ് യാത്ര ചെയ്തത്.