അശ്ലീല ഇ മെയില്‍ സന്ദേശം: രണ്ട് പേരെ കസ്റ്റഡിയിലെടുത്തു

Posted on: September 6, 2014 8:57 am | Last updated: September 6, 2014 at 8:57 am
SHARE

താമരശ്ശേരി: കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്‌കൂളിന്റെ ഇ മെയില്‍ വിലാസത്തില്‍ നിന്ന് അശ്ലീല ഇ മെയില്‍ സന്ദേശം അയച്ച സംഭവത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയ ബി ജെ പി നേതൃത്വം വെട്ടിലായി. സ്‌കൂളിനെതിരെ സമരം നടത്താന്‍ മുന്നില്‍ നിന്ന ബി ജെ പി നേതാവിന്റെ മകനെ പോലീസ് പിടികൂടിയതാണ് നേതൃത്വത്തെ വെട്ടിലാക്കിയത്.
അധ്യാപകദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം വിദ്യാര്‍ഥികളെ കേള്‍പ്പിക്കണമെന്ന സന്ദേശത്തില്‍ അശ്ലീല ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് വികലമാക്കിയ കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വ്യാഴാഴ്ച ബി ജെ പി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ അങ്കലാപ്പിലായ ദേശദ്രോഹ ശക്തികളും അവരെ പിന്തുണക്കുന്നവരുമാണ് ഇ മെയില്‍ സന്ദേശത്തിന് പിന്നിലെന്നായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി വി വി രാജന്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് അവസാനിച്ച് രണ്ട് മണിക്കൂറിനകം കോടഞ്ചേരി അമ്പാട്ടുപടി സ്വദേശിയായ ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ മകനെയും സുഹൃത്തിനെയും താമരശ്ശേരി സി ഐ. എം ഡി സുനില്‍ പിടികൂടുകയും സ്‌കൂൡ നിന്ന് മോഷ്ടിച്ച ലാപ്‌ടോപ്പ് കണ്ടെടുക്കുകയും ചെയ്തു. ഇ മെയില്‍ സന്ദേശം കുട്ടികളുടെതാണെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതരാണ് സംഭവത്തിന് പിന്നിലെന്ന് പ്രഖ്യാപിച്ച് സ്‌കൂൡലേക്ക് മാര്‍ച്ച് നടത്തിയതാണ് ബി ജെ പി ക്ക് തിരിച്ചടിയായത്.