സാഹിത്യോത്സവ് ലഹരിയില്‍ മള്ഹര്‍ നഗരി

Posted on: September 6, 2014 6:00 am | Last updated: September 5, 2014 at 10:43 pm
SHARE

upaharamമഞ്ചേശ്വരം: മള്ഹര്‍ ക്യാമ്പസിലെ താജുല്‍ ഉലമാ നഗരിയില്‍ ഒരുക്കിയ വിപുലമായ സൗകര്യങ്ങള്‍ 1500 ലേറെ വരുന്ന സാഹിത്യോത്സവ് മത്സരാര്‍ഥികള്‍ക്കും ആയിരക്കണക്കിനു ആസ്വാദകര്‍ക്കും ഏറെ സഹായകമായി.
ദേശീയപാതക്കരികിലായി സ്ഥാപിച്ച പ്രധാന വേദി പ്രൗഢി കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ഏറെ മികച്ചുനില്‍ക്കുന്നു. താജുല്‍ ഉലമാ നഗരിയിലേക്ക് സ്വാഗതമോതി സ്ഥാപിച്ച കൂറ്റന്‍ കവാടം ആകര്‍ഷണീയമാണ്. ഒരാഴ്ചയിലേറെയായി തുടരുന്ന മഴ വെള്ളിയാഴ്ച ഉച്ചവരെ നിറുത്താതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. ബുഖാരി കോമ്പൗണ്ടില്‍ മള്ഹര്‍ ക്യാമ്പസില്‍ സംവിധാനിച്ച സാഹിത്യോത്സവ് വേദിയും ചുറ്റുവട്ടങ്ങളും മഴയില്‍ കുതിര്‍ന്ന് നില്‍ക്കുകയായിരുന്നു. ഉച്ചയോടെ മഴമാറുകയും നഗരി അക്ഷരാര്‍ഥത്തില്‍ സാഹിത്യോത്സവ് ലഹരിയിലമരുകയുമായിരുന്നു.
ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും കൃത്യസമയത്തുതന്നെ തീര്‍ന്നതോടെ 5.30 ന് മത്സരവും വേദികളും ഉണര്‍ന്നു. പ്രധാന വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഭക്തിഗാനത്തോടെയായിരുന്നു തുടക്കം. ഇതേസമയം വേദി രണ്ടില്‍ അറബിഗാനവും മൂന്നില്‍ സീനിയര്‍ പ്രസംഗ മത്സരവും തുടങ്ങിയിരുന്നു.
വേദി നാലില്‍ പവര്‍ പോയിന്റും അഞ്ചില്‍ ഇംഗ്ലീഷ് പ്രബന്ധവും തുടങ്ങി. മഗ്‌രിബ് ബാങ്കിന് മുമ്പുതന്നെ എട്ട് വേദികള്‍ ഉണര്‍ന്നു. മത്സാര്‍ഥികളും ജഡ്ജിമാരും വേദികളില്‍നിന്ന് വേദികളിലേക്ക്… സഹായങ്ങളുമായി വളണ്ടിയര്‍ വിഭാഗവും.
മള്ഹറിലെ ഉസ്താദുമാരും വിദ്യാര്‍ഥികളും സ്വാഗതസംഘത്തിനൊപ്പം കൈമെയ് മറന്ന് അധ്വാനിച്ചപ്പോള്‍ സാഹിത്യോത്സവ് ചരിത്രം തീര്‍ക്കുകയായിരുന്നു.
എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി മള്ഹര്‍ സാരഥിയും സ്വാഗതസംഘം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരി രംഗത്തിറങ്ങിയക് പ്രവര്‍ത്തകരില്‍ ആവേശം വര്‍ധിപ്പിച്ചു.