Connect with us

Ongoing News

ഇന്ത്യ-ഓസ്‌ട്രേലിയ ആണവകരാര്‍ ഒപ്പുവെച്ചു

Published

|

Last Updated

modi-australia

ന്യൂഡല്‍ഹി: ആസ്‌ത്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി സാധ്യമാക്കുന്ന കരാറിന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ അന്തിമ രൂപം നല്‍കി. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുറേനിയം കയറ്റുമതിക്കരാര്‍ അംഗീകരിച്ചത്.
രാജ്യം കടുത്ത ഊര്‍ജ പ്രതിന്ധി നേരിടുന്ന സാഹചര്യത്തില്‍ ആസ്‌ത്രേലിയയില്‍ നിന്ന് യുറേനിയം വാങ്ങുന്നതിന് കരാറുണ്ടാക്കാന്‍ ദീര്‍ഘകാലമായി ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു. ഇന്ത്യയുമായി മികച്ച ബന്ധത്തിന് താന്‍ ആഗ്രഹിക്കുന്നുവെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും തന്ത്രപരമായ താത്പര്യങ്ങളും ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി അബോട്ട് വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ യുറേനിയം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ആസ്‌ത്രേലിയ.
അതിരൂക്ഷമായ ഊര്‍ജ പ്രതിസന്ധി നേരിടുന്ന ഇന്ത്യയെ സംബന്ധിച്ച് അമൂല്യമെന്ന് വിശേഷിപ്പിക്കാവുന്ന ആസ്‌ത്രേലിയന്‍ യുറേനിയം ലഭ്യമാക്കുന്നതിന് രണ്ട് വര്‍ഷമായി പല തലത്തില്‍ ചര്‍ച്ച നടന്നു വരികയായിരുന്നു. ഇന്ത്യക്ക് യുറേനിയം വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 2012ലാണ് ആസ്‌ത്രേലിയ പിന്‍വലിച്ചത്. ആണവായുധം കൈവശമുണ്ടെന്നതിനാലും ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പ് വെക്കാത്ത സാഹചര്യത്തിലുമായിരുന്നു ഇന്ത്യക്ക് യുറേനിയം നിഷേധിച്ചത്.
ഇസ്‌റാഈലിനും വടക്കന്‍ കൊറിയക്കുമൊപ്പം ആണവായുധ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും ആണവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പ് വെച്ചിട്ടില്ല. എന്നാല്‍, സമാധാനപരമായ ഊര്‍ജോത്പാദനത്തിന് മാത്രമേ യുറേനിയം ഉപയോഗിക്കൂ എന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അബോട്ട് പറഞ്ഞു. ആണവ നിര്‍വ്യാപനത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
ആസ്‌ത്രേലിയയില്‍ നിന്ന് യുറേനിയം വാങ്ങാന്‍ കരാറില്‍ എത്തിയതോടെ രാജ്യത്ത് കൂടുതല്‍ ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യക്കാകും. നാല്‍പ്പത് കോടി ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും വൈദ്യുതി ലഭ്യമല്ലെന്ന് ലോക ബേങ്ക് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ഉത്പാദനത്തിന് ഇന്ത്യ മുഖ്യമായും ഇപ്പോഴും കല്‍ക്കരിയെയാണ് ആശ്രയിക്കുന്നത്. വൈദ്യുതി ഉത്പാദനം ആവശ്യത്തിന് തികയാത്തതിനാല്‍ പല ഭാഗങ്ങളിലും പവര്‍കട്ട് നിത്യസംഭവമാണ്. കൂടിക്കാഴ്ചക്കിടെ മോദിക്ക് ആസ്‌ത്രേലിയയില്‍ നിര്‍മിച്ച രോമം കൊണ്ടുള്ള “നെഹ്‌റു ജാക്കറ്റ്” അബോട്ട് സമ്മാനിച്ചു. പകരം ഗീതയുടെ കോപ്പി അബോട്ടിന് മോദി കൈമാറി.